എസ് ജാനകി

S Janaki
S Janaki-Singer
Date of Birth: 
Saturday, 23 April, 1938
ജാനകിയമ്മ
Janakiyamma
ആലപിച്ച ഗാനങ്ങൾ:1,228

തന്‍റെ സവിശേഷമായ ശബ്ദമാധുരിയാല്‍ ആസ്വാദക ഹൃദയങ്ങളില്‍ മധുമഴ പെയ്യിച്ച എസ് ജാനകി ഇന്ത്യന്‍ പിന്നണിഗാന രംഗത്തെ ഇതിഹാസങ്ങളില്‍ ഒരാളാണ്. സംഗീത പ്രേമികളുടെ ജാനകിയമ്മ. 5 പതിറ്റാണ്ടുകളിലേറെ നീണ്ടുനിന്ന സംഭവബഹുലമായ സംഗീതജീവിതത്തില്‍ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങളും, നാല് ദേശീയ പുരസ്കാരങ്ങള്‍ നേട്ടങ്ങളും കേരളത്തിന്‍റെ 11 എണ്ണം അടക്കം മുപ്പതിനു മകളില്‍ സംസ്ഥാന പുരസ്ക്കാര നേട്ടങ്ങളും ജാനകിയമ്മയ്ക്ക് സ്വന്തമായുണ്ട്.

1938 ഏപ്രില്‍ 23ന് ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ സിസ്തല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകളായിട്ടാണ് എസ് ജാനകിയുടെ ജനനം. കുഞ്ഞുനാള്‍ മുതലേ നല്ല സംഗീതവാസന പ്രകടിപ്പിച്ചിരുന്ന ജാനകിയെ സംഗീതം പഠിപ്പിക്കണം എന്ന് നിര്‍ദേശിച്ചത് അമ്മാവന്‍ ചന്ദ്രശേഖര്‍ ആയിരുന്നു. പില്‍കാലത്ത് ജാനകിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിരുന്ന പല തീരുമാനങ്ങള്‍ എടുത്തതും ഇതേ അമ്മാവന്‍ ആയിരുന്നു. നാദസ്വരവിദ്വാനായിരുന്ന പൈദിസ്വാമിയില്‍ നിന്നും സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ച ജാനകി സിലോണ്‍ റേഡിയോയില്‍ നിന്നും കേള്‍ക്കുന്ന ലതാ മങ്കേഷ്കറുടെ ഗാനങ്ങളില്‍ ആകൃഷ്ടയായി അവ ഹൃദ്യസ്ഥമാക്കി പാടി നടന്നിരുന്നു.

1956ല്‍ ജാനകിയെ കുറിച്ച് അമ്മാവന്‍ ചന്ദ്രശേഖര്‍ എവിഎം സ്റ്റുഡിയോയിലേക്ക് കത്ത് എഴുതുകയും അവര്‍ ജാനകിയെ വിളിക്കുകയും പാട്ട് ഇഷ്ടപെട്ട അവര്‍ ജാനകിയെ സ്റ്റാഫ് ആര്‍ടിസ്റ്റ് ആയി നിയമിക്കുകയും ചെയ്തു. വൈകാതെ തന്നെ ഓള്‍ ഇന്ത്യ റേഡിയോ സംഘടിപ്പിച്ച ലളിതഗാനമത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും അന്നത്തെ രാഷ്ട്രപതിയില്‍ നിന്നും സമ്മാനം വാങ്ങുകയും ചെയ്തതോടെ ജാനകിയ്ക്ക് സിനിമയിലേക്ക് ഉള്ള വഴി തുറന്നു. 1957ല്‍ വിധിയിന്‍ വിളയാട്ട്‌ എന്ന ചിത്രത്തിലെ ഗാനം പാടിക്കൊണ്ട് ജാനകി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു എങ്കിലും ചിത്രം പുറത്തുവന്നില്ല. എം.എല്‍.എ എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ഘണ്ടശാല വെങ്കിടേശ്വരറാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം.

1957ല്‍ തന്നെ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വിൽ..’ എന്ന ഗാനത്തിലൂടെ ആണ് എസ് ജാനകി മലയാളത്തില്‍ തന്‍റെ സാന്നിധ്യം അറിയിക്കുന്നത്. പിന്നീട് മൂന്ന് പതിറ്റാണ്ടിന് അടുത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഗായിക ജാനകി ആയിരുന്നു. സംഗീത സംവിധായകന്‍ എം എസ് ബാബുരാജുമൊത്തുള്ള കൂട്ടുകെട്ട് വിശേഷപ്പെട്ട ഒന്നായിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ സ്വാധീനത്തില്‍ ബാബുരാജ് ഒരുക്കിയ മനോഹരഗാനങ്ങള്‍ ജാനകിയുടെ ശബ്ദത്തില്‍ പിന്നാലെ വന്ന എല്ലാ തലമുറകളും ഏറ്റെടുത്തു. മലയാളത്തില്‍ ജാനകി ഏറ്റവും കൂടുതല്‍ പാടിയത് ശ്യാമിന്റെ സംഗീതത്തില്‍ ആയിരുന്നു. വി ദക്ഷിണാമൂര്‍ത്തി,  എം കെ അര്‍ജുനന്‍, കെ രാഘവന്‍, എ ടി ഉമ്മര്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍ തുടങ്ങിയ മുന്‍നിര സംഗീത സംവിധായകര്‍ എല്ലാം ജാനകിയ്ക്ക് തങ്ങളുടെ മികച്ച ഈണങ്ങള്‍ പാടാന്‍ അവസരം നല്‍കി. തമിഴില്‍ കൂടുതല്‍ ഗാനങ്ങള്‍ പി സുശീലയ്ക്ക് കൊടുത്ത എം എസ് വിശ്വനാഥന്‍ മലയാളത്തില്‍ പക്ഷെ ജാനകിയ്ക്ക് ആണ് കൂടുതല്‍ അവസരം നല്‍കിയത്. അന്നത്തെ ഒന്നാം നമ്പര്‍ സംഗീത സംവിധായകന്‍ ആയ ജി ദേവരാജന്‍ ആവട്ടെ ജാനകിയെ കാര്യമായി പരിഗണിച്ചും ഇല്ല എന്നത് കൗതുകകരമാണ്. മലയാള ഭാഷയുടെ കൃത്യമായ ഉച്ചാരണം ആണ് ജാനകിയെ മലയാള സിനിമയ്ക്ക് പ്രിയപെട്ടതാക്കിയത്. യുഗ്മാഗാനങ്ങളില്‍ യേശുദാസുമായി മികച്ച കൂട്ടുകെട്ടും ജാനകി പടുത്തുയര്‍ത്തിയിരുന്നു. എണ്പതുകളുടെ മധ്യത്തില്‍ കെ എസ് ചിത്രയുടെ താരോദയം മലയാളത്തില്‍ ജാനകിയുടെ അവസരങ്ങള്‍ കുറച്ചു എങ്കിലും തുടര്‍ന്നും നല്ല ഗാനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തില്‍ വിദ്യാസാഗറിന്റെ സംഗീതത്തില്‍ ആലപിച്ച ' ആഴക്കടലിന്റെ അങ്ങേക്കരയിലായ് ' എന്ന ഗാനം ആണ് മലയാളത്തിലെ അവരുടെ അവസാന ഹിറ്റ് ഗാനം.

തമിഴില്‍ 60കളും 70കളുടെ പകുതി വരെയും പി സുശീലയ്ക്ക് പിന്നില്‍ പാടിയ എണ്ണം കൊണ്ട് രണ്ടാം സ്ഥാനക്കാരിയായിരുന്ന ജാനകി ഇളയരാജയുടെ വരവോടെ ഏറ്റവും തിരക്കേറിയ ഗായികയായി മാറി. ഇളയരാജ - എസ് ജാനകി - എസ് പി ബാലസുബ്രമണ്യം കൂട്ടുകെട്ട് വലിയ തരംഗം ആണ് തമിഴ് സിനിമാലോകത്ത് തീര്‍ത്തത്. തന്‍റെ മാതൃഭാഷ ആയ തെലുങ്കിലും കൂടാതെ കന്നടത്തിലും ഏറ്റവും തിരക്കേറിയ ഗായികയായി ജാനകി മാറിയിരുന്നു. ഹിന്ദിയിലും ഒട്ടെല്ലാ ഇന്ത്യന്‍ ഭാഷകളിലും ചില വിദേശ ഭാഷകളിലും പാടി റെക്കോര്‍ഡ്‌ ചെയ്യാനുള്ള അവസരം ജാനകിയ്ക്ക് കിട്ടിയിട്ടുണ്ട്.

അതുല്യമായ ശബ്ദം, മികവുറ്റ ഭാവം, എല്ലാ തരം ഗാനങ്ങളും അനായാസം പാടാനുള്ള കഴിവ്, ഏത് ഭാഷയും എളുപ്പത്തില്‍ വരുതിയില്‍ ആക്കാനുള്ള സിദ്ധി എന്നിവയാണ് ജാനകിയെ വിവിധ ഭാഷകളിലും തലമുറകളിലും പെട്ട സംഗീത സംവിധായകര്‍ക്ക് പ്രിയപ്പെട്ട ഗായികയായി മാറ്റിയത്. ഇക്കണ്ട ഗാനങ്ങള്‍ ഒക്കെ അനായാസേന പാടിയ ജാനകി ഒരു ആസ്മ രോഗിയാണെന്ന കാര്യം അവിശ്വസനീയം ആണ്. ആസ്മ മൂര്‍ച്ചിച്ച അവസരങ്ങളില്‍ ഡോകടറെ കൂടെ നിര്‍ത്തി റെക്കോര്‍ഡ്‌ ചെയ്യിച്ച പല പാട്ടുകളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. ലോക പ്രശസ്ത ഷെഹനായ് മാന്ത്രികന്‍ ഉസ്താദ് ബിസ്മില്ലാഖാന്‍ ജാനകിയുടെ കൂടെ പങ്കെടുത്ത റെകോര്‍ഡിംഗ് വേളയില്‍ ജാനകിയുടെ ആലാപനത്തില്‍ മതിമറന്ന് ഷെഹനായ് വായിക്കാന്‍ മറന്നുപോയ അവസരം ജാനകിയുടെ ആലാപനമികവിന് ലഭിച്ച വലിയ അംഗീകാരം ആണ്. സിനിമാ ലോകത്തെ ഏറ്റവും സംശുദ്ധ വ്യക്തികളില്‍ ഒരാള്‍ എന്നാണു എല്ലാവരും ജാനകിയെ വിശേഷിപ്പിക്കുന്നത്.

ഓപ്പോള്‍ എന്ന ചിത്രത്തിലെ 'ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്' എന്ന ഗാനത്തിലൂടെ 1980ല്‍ ആദ്യമായി മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് മലയാളമണ്ണില്‍ എത്തിച്ചത് എസ് ജാനകി ആയിരുന്നു. ഇതടക്കം 4 തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 11 തവണ ആണ് മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി കേരളം ജാനകിയെ ആദരിച്ചത്. മറ്റ് ഭാഷകളിലായി മുപ്പതില്‍ അധികം തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരങ്ങള്‍ ജാനകിയ്ക്ക് ലഭിച്ചിട്ടുണ്ട്. 2013ല്‍ രാജ്യം പദ്മഭൂഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു എങ്കിലും വൈകി എത്തിയ പദ്മ പുരസ്ക്കാരം ജാനകി നിഷേധിച്ചു.

2016ല്‍ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്കും സംഗീത വേദികളിലേക്കും ഉള്ള യാത്ര താന്‍ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് 78ആമത്തെ വയസ്സില്‍ ഔദ്യോഗിക സംഗീത ജീവിതത്തില്‍ നിന്നും ജാനകി വിരമിയ്ക്കല്‍ പ്രഖ്യാപിച്ചു. പക്ഷെ 2018ല്‍ പന്നാടി എന്ന ചിത്രത്തില്‍ രാജേഷ് രാമലിംഗം എന്ന സംഗീത സംവിധായകന് വേണ്ടി പാടാന്‍ ഒരിക്കല്‍ കൂടി റികോര്‍ഡിംഗ് സ്റ്റുഡിയോയില്‍ എത്തുകയുണ്ടായി. ഇപ്പോള്‍ ചെന്നൈയില്‍ വിശ്രമജീവിതം നയിയ്ക്കുകയാണ് ജാനകിയമ്മ.

1959ല്‍ ആണ് വി രാമപ്രസദുമായി ജാനകി വിവാഹിതയാകുന്നത്. ജാനകിയുടെ കരിയറിന് വലിയ പിന്തുണ നല്‍കിയ അദ്ദേഹം 1997ല്‍ മരണമടഞ്ഞു. മുരളി കൃഷ്ണ എന്നാണു അവരുടെ ഒരേയൊരു മകന്റെ പേര്.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആ സൂര്യബിംബം ആത്മാവിലണിയുംലളിതഗാനങ്ങൾശ്രീകുമാരൻ തമ്പിഎ ടി ഉമ്മർ
നാഥാ ആത്മാവിനെമോചനം -ക്രിസ്ത്യൻചിറ്റൂർ ഗോപിടോമിൻ ജെ തച്ചങ്കരി
ഇരുൾ മൂടുകയോമിന്നുന്നതെല്ലാം പൊന്നല്ലപി എൻ ദേവ്എസ് എൻ ചാമി 1957
രാക്കുയിലേ രാക്കുയിലേമിന്നൽ പടയാളിപി ഭാസ്ക്കരൻഎസ് എൻ ചാമി 1959
വളയിട്ട കൊച്ചു കൈകളേമിന്നൽ പടയാളിഅഭയദേവ്പി എസ് ദിവാകർ,എസ് എൻ ചാമി 1959
പൂവനമേ പുതുവനമേമിന്നൽ പടയാളിഅഭയദേവ്പി എസ് ദിവാകർ,എസ് എൻ ചാമി 1959
മാരൻ വരുന്നെന്ന്സ്ത്രീഹൃദയംപി ഭാസ്ക്കരൻഎൽ പി ആർ വർമ്മ 1960
മംഗളം നേരുകസീതഅഭയദേവ്വി ദക്ഷിണാമൂർത്തി 1960
ജയ് ജഗദീശ് ഹരേഉമ്മിണിത്തങ്കവി ദക്ഷിണാമൂർത്തി 1961
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീഉണ്ണിയാർച്ചശാരംഗപാണികെ രാഘവൻ 1961
പൊന്നൂഞ്ഞാലേഉണ്ണിയാർച്ചപി ഭാസ്ക്കരൻകെ രാഘവൻ 1961
കാണാൻ നല്ല കിനാവുകൾഭാര്യവയലാർ രാമവർമ്മജി ദേവരാജൻ 1962
വള൪ന്നു വള൪ന്നു വളര്‍ന്നു നീയൊരുകണ്ണും കരളുംവയലാർ രാമവർമ്മഎം ബി ശ്രീനിവാസൻ 1962
ചന്ദ്രന്റെ പ്രഭയിൽ ചന്ദന മഴയിൽസ്നേഹദീപംപി ഭാസ്ക്കരൻഎം ബി ശ്രീനിവാസൻ 1962
മോഹിനി ഞാൻശ്രീരാമപട്ടാഭിഷേകംതിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ബ്രദർ ലക്ഷ്മൺ 1962
എല്ലാം കഴിഞ്ഞു തെളിഞ്ഞസ്വർഗ്ഗരാജ്യംപി ഭാസ്ക്കരൻഎം ബി ശ്രീനിവാസൻ 1962
എല്ലാം കഴിഞ്ഞു തെളിഞ്ഞ കിനാക്കള്‍സ്വർഗ്ഗരാജ്യംപി ഭാസ്ക്കരൻഎം ബി ശ്രീനിവാസൻ 1962
ഒരു ജാതി ഒരു മതം (ദൈവമേ കാത്തുകൊൾകങ്ങ്)കാൽപ്പാടുകൾശ്രീനാരായണ ഗുരുഎം ബി ശ്രീനിവാസൻ 1962
താകിന്‍ താരാരോകാൽപ്പാടുകൾപി ഭാസ്ക്കരൻഎം ബി ശ്രീനിവാസൻ 1962
തളിരിട്ട കിനാക്കൾ തൻമൂടുപടംപി ഭാസ്ക്കരൻഎം എസ് ബാബുരാജ്കല്യാണി 1963

അവാർഡുകൾ

അവാർഡ്അവാർഡ് വിഭാഗംവർഷംsort ascendingസിനിമ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1984കാണാമറയത്ത്
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1983കാറ്റത്തെ കിളിക്കൂട്
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1981പല ചിത്രങ്ങൾ
ദേശീയ ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1981ഓപ്പോൾ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1980ചാമരം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1980അണിയാത്ത വളകൾ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1980മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1979തകര
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1977മദനോത്സവം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1976ആലിംഗനം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1974ചന്ദ്രകാന്തം
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1972ലഭ്യമല്ല*
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1970സ്ത്രീ
സംസ്ഥാന ചലച്ചിത്ര അവാർഡ്മികച്ച ഗായിക 1970ലഭ്യമല്ല*