എം എസ് ബാബുരാജ്
മുഹമ്മദ് സബീർ ബാബുരാജ് എന്ന എം എസ് ബാബുരാജ്. മലയാളത്തില്‍ ചലച്ചിത്ര ഗാനങ്ങള്‍ എങ്ങനെ വേണം എന്നതിന് മുന്‍മാതൃകകള്‍ ഇല്ലാതിരുന്ന കാലത്ത് വന്ന് മലയാള സിനിമാ ഗാനങ്ങള്‍ക്ക് സ്വന്തമായി ഒരു ശൈലി കെട്ടിപ്പട്ടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച നാലുപേരില്‍ ഒരാള്‍. ഹിന്ദുസ്ഥാനി സംഗീതവും ഗസല്‍ സംഗീതവും മാപ്പിള സംഗീതവും കൃത്യമായി കൂട്ടിച്ചേര്‍ത്തു വശ്യമനോഹരമായ ഗാനങ്ങള്‍ രൂപപ്പെടുത്തിയ മഹാത്മാവ്.
1929 മാർച്ച് 3 നു അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ബംഗാളി ഹിന്ദുസ്ഥാനി ഗായകൻ ആയിരുന്ന ജാൻ മുഹമ്മദ് സാഹിബ് ആണ്. എന്നാൽ മാതാവ് മലയാളിയായിരുന്നു. പിതാവിന്റെ നാടുവിടൽ ആ കുടുംബത്തെ അക്ഷരാർഥത്തിൽ അനാഥമാക്കി. ആഡംബര പൂർണ്ണമായ ജീവിതത്തിനിടയിൽ കുടുംബത്തിനായി അദ്ദേഹം ഒന്നുമൊന്നും കരുതി വെച്ചിരുന്നില്ല.അതിനാൽ ബാബുരാജിന്റെ ബാല്യകാലം വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. കോഴിക്കോട്ടങ്ങാടിയിലും ട്രെയിനിലും പാട്ടു പാടി ഉപജീവന മാർഗ്ഗം കണ്ടെത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ ഒരു പോലീസുകാരൻ കണ്ടെത്തി ദത്തെടുത്തു. അതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. കോഴിക്കോട്ടെ കല്യാണ വീടുകളിൽ ബാബുരാജിന്റെ സംഗീതവിരുന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി. മംഗളഗാനങ്ങൾക്ക് നിമിഷ നേരം കോണ്ട് സംഗീതം നൽകാനുള്ള കഴിവ് ആരെയും ആകർഷിക്കുന്നതായിരുന്നു.
കെ പി ഉമ്മർ, തിക്കൊടിയൻ, കെ ടി മുഹമ്മദ് എന്നിവരുമായുള്ള ബന്ധം നാടകഗാനങ്ങൾക്ക് സംഗീതം നൽകാനുള്ള അവസരം നൽകി. 1951 ഇൽ ഇൻക്വിലാബിന്റെ മക്കൾ എന്ന നാടകത്തിനു സംഗീതസംവിധാനം നിർവഹിച്ച ബാബുരാജ് അരങ്ങിന്റെ അണിയറയിൽ എത്തി. അതോടെയാണു മുഹമ്മദ് സബീർ ബാബുരാജ് എന്ന പേരിൽ പ്രശസ്തനായത്.
ടി മുഹമ്മദ് യൂസഫിന്റെ കണ്ടം ബെച്ച കോട്ട്, കേരള കലാവേദി അവതരിപ്പിച്ച നമ്മളൊന്ന് എന്ന് നാടകത്തിലെ ഗാനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്തി ഉയർത്തി. നമ്മളൊന്ന് എന്ന നാടകത്തിലെ ഇരുന്നാഴി മണ്ണിനായ് ഉരുകുന്ന കർഷകർ എന്ന ഗാനം അദ്ദേഹം ആലപിക്കുകയുണ്ടായി.
കോഴിക്കോട് അബ്ദുൾ ഖാദർ വഴി പി ഭാസ്കരനുമായുണ്ടായ പരിചയം 1953 ൽ തിരമാല എന്ന ചിത്രത്തിന്റെ സഹ സംഗീത സംവിധാനം നിർവഹിക്കാൻ അവസരം നൽകി. ആദ്യം സ്വതന്ത്രമായി സംഗീത സംവിധാനം നൽകിയത് 1957ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിൽ ആണ്.
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ സംഗീത പ്രതിഭയായിരുന്നു എം എസ് ബാബുരാജ്. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയർ ആസ്വദിച്ചത് ഈ പ്രതിഭാശാലിയിലൂടെയാണു എന്നു പറയാം. 1960 കളാണു ബാബുരാജ് സംഗീതത്തിന്റെ സുവർണ്ണകാലം എന്നു പറയാം. 1964 ൽ പുറത്തിറങ്ങിയ ഭാർഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങൾ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയർത്തി. ഈ സിനിമയിലെ താമസമെന്തേ വരുവാൻ, വാസന്ത പഞ്ചമിനാളിൽ, പൊട്ടാത്ത പൊന്നിൻ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളൻ, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സിൽ മൂളി നടക്കുന്നവയാണു. ബാബുരാജിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്കരൻ മാഷ് ആയിരുന്നു. എങ്കിലും വയലാർ, ഒ എൻ വി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രതിഭകൾക്കൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു. യേശുദാസും എസ് ജാനകിയുമായിരുന്നു അദ്ദേഹത്തിന് വേണ്ടി കൂടുതല്‍ ഗാനങ്ങള്‍ പാടിയത്. ബാബുരാജ് - ജാനകി കൂട്ടുകെട്ട് മലയാളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായക - ഗായിക കൂട്ടുകെട്ടില്‍ മുന്നില്‍ നില്‍ക്കും. ഉത്തരേന്ത്യന്‍ സംഗീതത്തിന്‍റെ ഭാവങ്ങള്‍ മലയാളിത്തം ഒട്ടുമേ ചോരാതെ വരികളില്‍ ചാലിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞതാണ് ബാബുരാജിനെ സംഗീതപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികൻ, മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നൽകിയിട്ടുണ്ട്. ദ്വീപ്, സുബൈദ, ഉമ്മ, കാട്ടുമല്ലിക, ഭാര്‍ഗവീനിലയം, ലൈലാമജ്നു, കാർത്തിക, ഖദീജ, കാട്ടുതുളസി, മിടുമിടുക്കി, പുള്ളിമാൻ, തച്ചോളി ഒതേനൻ, മൂടുപടം, തറവാട്ടമ്മ, ഡോക്ടർ, പാലാട്ടു കോമൻ, നിണമണിഞ്ഞ കാല്‍പ്പാടുകൾ, പരീക്ഷ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഭദ്രദീപം, യത്തീം തുടങ്ങിയവയാണു അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച പ്രശസ്ത ചിത്രങ്ങൾ. പെണ്മക്കൾ, ഭർത്താവ്, കാട്ടു തുളസി, നിണമണിഞ്ഞ കാല്‍പ്പാടുകൾ തുടങ്ങി കുറച്ചു ചിത്രങ്ങൾക്കു വേണ്ടി അദ്ദേഹം പാടുകയും ഉണ്ടായി. ബാബുരാജ് വേദികളിലും സുഹൃത്ത് സദസുകളിലും ഹാര്‍മോണിയം വായിച്ചു പാടിയ പാട്ടുകള്‍ക്ക് അവയുടെ ഒറിജിനല്‍ റെകോര്‍ഡിന്റെ അത്രതന്നെ ജനപ്രീതി ഉണ്ട് എന്നത് അദ്ദേഹത്തിന്‍റെ മാന്ത്രിക ആലാപനത്തിന് ദൃഷ്ടാന്തം ആണ്.
1978 ഒക്ടോബർ 7 നു ഒരു പിടി മധുരഗാനങ്ങൾ ബാക്കിയാക്കിക്കൊണ്ട് ഈ ലോകത്തു നിന്നും അദ്ദേഹം വിട പറഞ്ഞു.
കുടുംബം : പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഭാര്യയുടെ അനിയത്തിയെയാണു ബാബുരാജ് ആദ്യം വിവാഹം കഴിച്ചത്. അതിൽ 2 കുട്ടികളും ഉണ്ടായിരുന്നു. അവരുടെ മരണശേഷം കല്ലായിക്കാരി ബിച്ചയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ മൂന്ന് ആണ്മക്കളും 2 പെണ്മക്കളും ഉണ്ട്.
Profile photo drawing by :നന്ദൻ
ആലപിച്ച ഗാനങ്ങൾ
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
യാഗാശ്വം | ടി ഹരിഹരൻ | 1978 |
ചുഴി | തൃപ്രയാർ സുകുമാരൻ | 1973 |
പണിമുടക്ക് | പി എൻ മേനോൻ | 1972 |
തങ്കക്കുടം | എസ് എസ് രാജൻ | 1965 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
പുലിമട | എ കെ സാജന്‍ | 2023 |