കിരീടം

Released
Kireedam

കഥാസന്ദർഭം: 

താൻ സബ് ഇൻസ്പെക്ടറായിക്കാണാൻ കാത്തിരിക്കുന്ന പോലീസ് കോൺസ്റ്റബിളായ പിതാവിൻ്റെ  ആഗ്രഹം  സഫലമാകുന്നതതിനു മുൻപേ, അപ്രതീക്ഷിതമായി,  സമൂഹം ചൂടിച്ച ക്രിമിനലിന്റെ കിരീടം കാരണം ജീവിതം തന്നെ കൈവിട്ടു പോയ യുവാവിൻ്റെ കഥ.

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
140മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 7 July, 1989
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
ആര്യനാട്, പള്ളിവേട്ട ചന്ത, തിരുവനന്തപുരം

Actors & Characters

Cast: 
ActorsCharacter
സേതുമാധവൻ
അച്യുതൻ നായർ
ദേവി
അമ്മു
കീരിക്കാടൻ ജോസ്
സർക്കിൾ ഇൻസ്പെക്ടർ
സേതുവിന്റെ അളിയൻ
ഹൈദ്രോസ്
എ എസ് ഐ ഗോപാലകൃഷ്ണൻ നായർ
സുരേഷ്
നജീബ്
സേതുവിന്റെ സുഹൃത്ത് കേശു
കോൺസ്റ്റബിൾ ഹമീദ്
ദേവിയുടെ അഛൻ
സേതുവിന്റെ മുത്തശ്ശി
സേതുവിന്റെ പെങ്ങൾ
സേതുവിന്റെ മൂത്ത പെങ്ങൾ
ഇറച്ചിക്കടക്കാരൻ തമ്പി
കേശുവിൻ്റെ ഭാര്യ
പീടികക്കാരൻ
ഹമീദിന്റെ ഭാര്യ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസിസ്റ്റന്റ് ഡയറക്ടർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

വിസിഡി/ഡിവിഡി: 
സൈന വീഡിയോസ്
അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
മോഹൻലാൽ
ദേശീയ ചലച്ചിത്ര അവാർഡ്
പ്രത്യേക ജൂറി പുരസ്കാരം
1 989
എം ജി ശ്രീകുമാർ
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച പിന്നണി ഗായകൻ
1 989

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം സിബി ഇതേ ടീം തന്നെ അവതരിപ്പിക്കുകയുണ്ടായി “ചെങ്കോൽ’: എന്ന ടൈറ്റിലിൽ.

മലയാള സംവിധായകൻ പ്രിയദർശൻ ഈ ചിത്രത്തെ “ഗർദ്ദിഷ്“ എന്ന പേരിൽ ജാക്കി ഷ്രോഫിനെ നായകനാക്കി ഹിന്ദിയിൽ അവതരിപ്പിച്ചു. അതുപോലെ തന്നെ അജിത്തിനെ നായകനാക്കി കിരീടം എന്ന പേരിൽ തന്നെ തമിഴ് പതിപ്പും ഇറങ്ങി. പക്ഷെ മലയാളത്തിൽ മെഗാഹിറ്റായിരുന്നിട്ടും മറ്റു രണ്ടു ഭാഷകളിലും ചിത്രം ഹിറ്റായില്ല

കഥാസംഗ്രഹം: 

മകൻ സേതുമാധവൻ സബ് ഇൻസ്പെക്ടറാകുന്നത്
ഉറക്കത്തിലും  ഉണർവിലും സ്വപ്നം കാണുന്നയാളാണ് ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായർ. മകൻ്റെ മുന്നിൽ സല്യൂട്ട് ചെയ്ത് സർവീസിൽ നിന്നു പിരിയണം എന്നതാണ് അയാളുടെ ആഗ്രഹം.  നാലു മക്കളുള്ള കുടുംബത്തിൻ്റെ ഭാരം  കൂടാതെ, ഒരു പണിക്കും പോവാതെ നടക്കുന്ന മരുമകൻ രമണൻ്റെ ചെലവു കൂടി അയാളുടെ ചുമലിലാണ്. മൂത്ത മകനായ  സേതുവിലാണ് അയാളുടെ എല്ലാ പ്രതീക്ഷയും.

സബ് ഇൻസ്പെക്ടറാകാനുള്ള ഫിസിക്കൽ ടെസ്റ്റ് പാസായ സേതു ഇൻ്റർവ്യൂവിനായുള്ള തയ്യാറെടുപ്പിലാണ്.  അമ്മാവൻ്റെ മകൾ ദേവിയുമായി അയാളുടെ വിവാഹം പണ്ടേ തീരുമാനിച്ചതാണ്. മുത്തശ്ശനെപ്പറ്റി മുത്തശ്ശി പറയുന്ന വീരകഥകൾക്ക് തലയാട്ടുമെങ്കിലും  പ്രശ്നങ്ങളിലൊന്നും പെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നയാളാണ് സേതു.

നിയമം ലംഘിച്ചു പാർക്ക് ചെയ്ത, എം എൽ എ യുടെ മകൻ്റെ കാറ് കസ്റ്റഡിയിലെടുത്തതിൻ്റെ പേരിൽ അച്യുതൻ നായരെ രായ്ക്കുരാമാനം രാമപുരത്തേക്ക് സ്ഥലം മാറ്റുന്നു. ഗുണ്ടാവിളയാട്ടം കാരണം കുപ്രസിദ്ധി നേടിയ സ്ഥലമാണ് രാമപുരം. പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കാൻ എത്തിയ അച്യുതൻ നായർ ASI ഗോപാലകൃഷ്ണൻ നായരിൽ നിന്നും കോൺസ്റ്റബിൾ ഹമീദിൽ നിന്നും കേൾക്കുന്നത് രാമപുരം വാഴുന്ന കീരിക്കാടൻ ജോസ് എന്ന ഗുണ്ടയെക്കുറിച്ചാണ്. സ്റ്റേഷനിൽ തൻ്റെ പടം ഒട്ടിക്കാൻ പോലും ജോസ് അനുവദിക്കില്ല. സ്റ്റേഷനിലെ SI ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണെന്നും  അയാളറിയുന്നു.

കുടുംബവുമായി രാമപുരത്തെത്തിയ  അച്യുതൻ നായർ ഹമീദിൻ്റെ വാടകവീട്ടിൽ താമസമാകുന്നു. ഹമീദിൻ്റെ മകൻ നജീബും ഗോപാലകൃഷ്ണൻ നായരുടെ മകൻ സുരേഷും സേതുവിൻ്റെ സുഹൃത്തുക്കളാകുന്നു. മാർക്കറ്റിലെ കച്ചവടങ്ങളെല്ലാം നിയന്ത്രിക്കുന്നത് ജോസാണെന്നും, പഴയ SI ഉൾപ്പെടെ പലരും ജോസിൻ്റെ കൈയൂക്കിനു മുന്നിൽ അടിയറവു പറഞ്ഞിട്ടുണ്ടെന്നും  അവർ സേതുവിനോടു പറയുന്നു.

മാർക്കറ്റിൽ  അടി നടക്കുന്നതറിഞ്ഞ് ASI ഉം അച്യുതൻ നായരും ഹമീദും അവിടെയെത്തുന്നു. കീരിക്കാടൻ്റെ വലംകൈയായ പരമേശ്വരൻ ഹൈദ്രോസ് എന്ന ഗുണ്ടയെ തല്ലിച്ചതയ്ക്കുകയാണ്. അച്യുതൻ നായർ രണ്ടു പേരെയും തള്ളി മാറ്റുന്നു.  എന്നാൽ പരമേശ്വരൻ അച്യുതൻ നായരെ ആക്രമിക്കുന്നു.  തിരിച്ചടിക്കുന്ന അച്യുതൻ നായർ അയാളെ കീഴടക്കുന്നു.   പെട്ടെന്ന്  അടിയേറ്റ്  അച്യുതൻ നായർ  വീഴുന്നു. കീരിക്കാടൻ ജോസായിരുന്നു അത്. അയാൾ അച്യുതൻ നായരെ  നിർദാക്ഷിണ്യം ആക്രമിക്കുന്നു. അടിയും  ചവിട്ടുമേറ്റ് അച്ഛൻ വീഴുന്നതു കണ്ട സേതു ജോസിനെ ചവിട്ടിവീഴ്ത്തുന്നു. ജോസ് സേതുവിനെ മർദ്ദിച്ചവശനാക്കുന്നു.  സേതു ഗത്യന്തരമില്ലാതെ  ജോസിനെ നേരിടുന്നു. കടയുടെ നിരക്കമ്പി കൊണ്ടുള്ള അടിയേറ്റ്  ജോസിൻ്റെ തല പിളരുന്നു. ആസുരമായ ആവേഗത്തിൽ സേതു ജോസിനെ തലങ്ങും വിലങ്ങും പ്രഹരിച്ചു  വീഴ്ത്തുന്നു. 

 "കീരിക്കാടൻ ചത്തേ" എന്നാർത്തു വിളിക്കുന്ന ഹൈദ്രോസും നാട്ടുകാരും സേതുവിനെ എടുത്തുയർത്തുന്നു. താൻ തല്ലി വീഴ്ത്തിയത് കീരിക്കാടനാണെന്നറിയുന്ന സേതു പകച്ചു പോകുന്നു. അതു കണ്ട് നിസ്സഹായനായി തളർന്നു നില്ക്കാനേ അച്യുതൻ നായർക്ക് കഴിയുന്നുള്ളൂ.

തലയ്ക്ക് മാരകമായി പരിക്കേറ്റ ജോസ് മരണവക്ത്രത്തിലാണ്.
കീരിക്കാടൻ  മരിച്ചെന്ന വാർത്ത പരന്നതോടെ നാട്ടുകാർ  ആഘോഷം തുടങ്ങുന്നു. നിത്യ തലവേദനയായ ജോസ് ഇല്ലാതാകണമെന്നത് നാട്ടുകാരുടെ മാത്രമല്ല,  പോലീസിന്റെയും ആവശ്യമായിരുന്നു. അതേ സമയം, മകൻ കൊലക്കേസിൽ പ്രതിയാകുമല്ലോ എന്ന സങ്കടത്തിലാണ് അച്യുതൻ നായരും കുടുംബവും. സംഭവത്തിനു ശേഷം സേതു ഇതുവരെ വീട്ടിലെത്തിയിട്ടുമില്ല.

SI അച്യുതൻ നായരുടെ വീട്ടിലെത്തുന്നു. മകൻ സ്ഥലത്തില്ലെന്നും വന്നാൽ ഉടനെ സ്റ്റേഷനിൽ ഹാജരാക്കാമെന്നും അച്യുതൻ നായർ പറയുന്നു. എന്നാൽ FIR ൽ സേതുവിൻ്റെ പേര് ഒഴിവാക്കിയ കാര്യമാണ് SI പറയുന്നത്.  അച്യുതൻ നായർ അതിനെ അനുകൂലിക്കുന്നില്ലെങ്കിലും Sl അതു കാര്യമാക്കുന്നില്ല. സേതു എവിടെയുണ്ടെന്ന് തനിക്കറിയാമെന്നും അയാൾ പറയുന്നു.

ജോസിൻ്റെ ആരോഗ്യം മെച്ചപ്പെട്ടതിനെത്തുടർന്ന് പോലീസ് മൊഴിയെടുക്കുന്നു. തന്നെ അടിച്ചയാളെ കണ്ടാൽ തിരിച്ചറിയില്ലെന്ന് അയാൾ പറയുന്നു. അയാൾക്ക് കണക്കുകൾ നേരിട്ട് തീർക്കുകയാണ് വേണ്ടത്. കേസിൽ നിന്നു രക്ഷപ്പെട്ട സേതു നാട്ടിൽ തിരിച്ചെത്തുന്നു. നാട്ടുകാരുടെ തന്നോടുള്ള പേടിയും ബഹുമാനവും അയാളെ അസ്വസ്ഥനാക്കുന്നു.    വഴക്കു പറയുന്ന അച്ഛനോട്, മകൻ്റെ കടമയാണ് താൻ ചെയ്തതെന്നു സേതു പറയുന്നുണ്ടെങ്കിലും SI സെലക്ഷൻ കാത്തിരിക്കുന്ന അയാളുടെ ഭാവി എന്താകും എന്ന ആശങ്കയാണ് അച്യുതൻ നായർക്ക്.

സേതുവിനെ നിർബന്ധിച്ച് ബാറിൽ കൊണ്ടു പോയ സുരേഷും നജീബും  അവിടെ വച്ച് തല്ലുണ്ടാക്കുന്നതും,   ഹൈദ്രോസും രമണനും പിരിവ് നടത്തുന്നതും സേതു ചെയ്തു എന്ന നിലയിലാണ് പുറത്തു വരുന്നത്.  ബാറിലെ തല്ലിൻ്റെ പേരിൽ SI അയാളെ താക്കീത് ചെയ്യുന്നു. തെമ്മാടികൾക്കുള്ള വീടല്ല എന്ന് അച്ഛനും പറയുന്നതോടെ, വീട്ടുകാരും തന്നെ ഗുണ്ടയായിക്കാണുന്നു എന്ന തിരിച്ചറിവിൽ, ജീവിതം കൈവിട്ടു പോകുന്നു എന്ന തോന്നലിൽ അയാൾ നിസ്സഹായനായി നീറുന്നു.

പരമേശ്വരൻ പുറത്തിറങ്ങിയ കാര്യം സേതു അറിയുന്നു. സേതുവിന് SI സെലക്ഷൻ കിട്ടിയ സന്തോഷവാർത്തയ്ക്കൊപ്പം അച്യുതൻനായരെ തേടിയെത്തുന്നത്, അയാൾ പരമേശ്വരനെ തല്ലി ജീവച്ഛവമാക്കിയ കാര്യമാണ്. സേതു പോലീസിന് കീഴടങ്ങുന്നു. സ്റ്റേഷനിലെത്തിയ അച്യുതൻ നായർ ഭ്രാന്തനെപ്പോലെ മകനെ തലങ്ങും വിലങ്ങും മർദ്ദിക്കുന്നു.  തടയുന്ന SIയോട്, 'അവനെക്കൊന്നേരെ സാറേ ' എന്നു നെഞ്ചുപൊട്ടിപ്പറഞ്ഞ് അയാളിറങ്ങിപ്പോകുന്നു.

ദേവിയ്ക്ക് അമ്മാവൻ വേറെ വിവാഹം തീരുമാനിച്ചതറിയുന്ന സേതു അവളെക്കാണുന്നു. "എല്ലാം എനിക്കു നഷ്ടപ്പെടുകയാണ്;  നീയും എനിക്ക് നഷ്ടപ്പെടണം" എന്നു പറഞ്ഞ്, അതു കേട്ട് തകർന്നു നില്ക്കുന്ന ദേവിയെ തിരിഞ്ഞു നോക്കാതെ,   ഉള്ള് പൊള്ളിപ്പിളരുന്ന വേദനയിലും നിസ്സംഗനായി അയാൾ നടന്നകലുന്നു. 

പക്ഷേ അതിലും വലിയ നഷ്ടങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

സേതുവിൻ്റെ പൊലീസ് വെരിഫിക്കേഷനുള്ള പേപ്പർ വരുന്നു. അയാളെ രക്ഷിക്കണമെന്നാഗ്രഹമുള്ള SI പരമേശ്വരനെക്കാണുന്നു.  കേസ് പിൻവലിക്കാമെന്ന് അയാൾ സമ്മതിക്കുന്നു. അതിനിടയിൽ ആശുപത്രി വിട്ടെത്തുന്ന ജോസ് സേതുവിനെ വെട്ടിയരിയുമെന്ന് ഭീഷണി മുഴക്കുന്നു. പോസ്റ്റിംഗ് ആകുന്നതു വരെ നാട്ടിൽ നിന്ന് കുറച്ചു മാറി നില്ക്കാൻ സേതുവിനോട് SI പറയുന്നു.  അതനുസരിച്ച് പുറപ്പെടുന്ന സേതു, ജോസ് തൻ്റെ വീട്ടിൽ കയറി അക്രമം നടത്തിയതിറിഞ്ഞ് തിരിച്ചു വരുന്നു. അയാൾ ആശുപത്രിയിലായ അമ്മയേയും അനിയനെയും കണ്ട് യാത്ര പറയുന്നു - അവസാന അങ്കത്തിനായി.

മാർക്കറ്റിൽ സേതു  കാത്തിരിക്കുന്നതറിഞ്ഞ് അവിടെയെത്തുന്ന കീരിക്കാടൻ അയാളെ ക്രൂരമായി ആക്രമിക്കുന്നു. പലവട്ടം വീണു പോയിട്ടും പോരുകോഴിയെപ്പോലെ  തിരിഞ്ഞാക്രമിക്കുന്ന സേതു  അടുത്ത പഴുതിൽ കമ്പിവടി കൊണ്ട് കീരിക്കാടൻ്റെ തല പിളർക്കുന്നു. താഴെ വീഴുന്ന കീരിക്കാടനെ അയാൾ ഭ്രാന്തമായി തല്ലിച്ചതയ്ക്കുന്നു. 

പകയും പ്രതികാരവും നഷ്ടബോധവും കൊണ്ട് നിലതെറ്റിയ സേതു  അവിടെയെത്തുന്ന  SI യെയും  പോലീസുകാരെയും കത്തികാട്ടി അകറ്റുന്നു. ചലനമറ്റു കിടന്ന കീരിക്കാടൻ തലയുയർത്തുന്നതു കണ്ട സേതു അയാളുടെ നെഞ്ചിൽ വീണ്ടും വീണ്ടും കത്തി കയറ്റുന്നു. 

സമനിലതെറ്റി നില്ക്കുന്ന സേതുവിനോട്  കത്തി താഴെയിടാൻ അച്യുതൻ നായർ പറഞ്ഞിട്ടും അയാൾ വഴങ്ങുന്നില്ല. പക്ഷേ, ''നിൻ്റെ അച്ഛനാടാ പറയുന്നത്, കത്തി താഴെയിടെടാ" എന്നയാൾ നെഞ്ചു പൊട്ടിപ്പറയുന്നതോടെ സേതു കത്തി വലിച്ചെറിയുന്നു. ഭ്രാന്തമായി അലറിക്കരഞ്ഞുകൊണ്ട് അയാൾ  നിലത്ത് മുട്ടുകുത്തുന്നു.

ചമയം

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
സംഗീതം: 

Technical Crew

എഡിറ്റിങ്: 
ഇഫക്റ്റ്സ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
പി ആർ ഒ: 
പബ്ലിസിറ്റി: 
Submitted 16 years 2 months ago byKumar Neelakandan.
Contribution Collection: 
ContributorsContribution
സിനിമാ ഡാറ്റാസും പോസ്റ്ററും ചേർത്തു