ഒരു നദിയുടെ ഉദ്ഭവം ജലസമൃദ്ധമായ ഉറവ, ജലാശയം,ഹിമാനി (glacier) എന്നിവയിൽ ഏതെങ്കിലുമൊന്നിൽനിന്ന് ആകാം. ഗണ്യമായ ദൂരത്തോളം പ്രവഹിച്ചെത്തുന്ന വലിയ നദികൾ രൂപംകൊള്ളുന്നത് സാധാരണയായി നിരവധി നീർച്ചാലുകൾ ഒഴുകിച്ചേരുന്നതിലൂടെയാവും. നീരൊഴുക്ക് ശക്തിപ്രാപിക്കുന്ന സ്ഥാനമാണ് പ്രസ്തുത നദിയുടെ പ്രഭവസ്ഥാനം (source). നീരൊഴുക്കിന്റെ ചാലിനെ നദീപഥം (river course) എന്നു പറയുന്നു. നദി കടലിലേക്കോ ജലാശയത്തിലേക്കോ ഒഴുകിവീഴുന്ന ഇടത്തിന് പതനസ്ഥാനം, നദീമുഖം എന്നിങ്ങനെ പേരുകളുണ്ട്. ഒരു നദീപഥത്തിലേക്ക് ഒഴുകിച്ചേർന്ന് സ്വന്തം ജലപ്രവാഹത്തെ അതിൽ ലയിപ്പിക്കുന്ന ചെറുനദികളെപോഷകനദി (tributary) എന്നു വിശേഷിപ്പിക്കുന്നു. ചെറുതും വലുതുമായ അനവധി പോഷകനദികളെ ഉൾക്കൊണ്ടാണ് നദികൾ ബൃഹദാകാരം പൂകുന്നത്; ഒപ്പം നന്നേ കനത്ത അളവിലുള്ള ജലധോരണിയായി മാറുകയും ചെയ്യുന്നു. ഒരു നദിയുടെ ജലപ്രവാഹവും വഹനശേഷിയും വർധിക്കുവാൻ സഹായകങ്ങളാവുന്ന ചെറുതും വലുതുമായ പോഷകനദികളെക്കൂടി പ്രധാന നദിയുമായി കൂട്ടിച്ചേർത്തു വ്യവഹരിക്കേണ്ടി വരുമ്പോൾനദീവ്യൂഹം (river system) എന്ന സംജ്ഞ ഉപയോഗിക്കുന്നു.
ഒഴുകുന്ന ജലം ശിലാതലത്തിൽ ആഘാതമേല്പിക്കുകയും അവയെ ശിഥിലീകരിച്ചും പിളർന്നും തനതായ ഒരു ചാല് സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. നീരൊഴുക്ക് ഈ ചാലിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ശിലാവിഘടനം കൂടുതൽ ശക്തമാവുന്നു. തുടർന്ന് ചാലിന്റെ വലിപ്പം ക്രമേണ വർധിക്കുന്നു. തുടക്കത്തിൽ ഈ ചാലുകളുടെ ഛേദതലങ്ങൾക്ക് V-ആകൃതിയാണ് ഉണ്ടായിരിക്കുക. വീതിയെക്കാളേറെ ആഴം കൂടുന്ന പ്രവണതയാണ് ഒഴുക്കുവെള്ളത്തിനുള്ളത്. ഇതിന്റെ ഫലമായാണ് ആഴക്കൂടുതലുള്ള ഇടുങ്ങിയ നീർച്ചാലുകളുണ്ടാകുന്നത്. മഴ പെയ്തും മറ്റുവിധത്തിലുള്ള ജലലഭ്യത മൂലവും ഒരേയവസരം ഒന്നിലേറെ നീർച്ചാലുകൾ രൂപംകൊള്ളാം.ഭൂമിയുടെ നിമ്നോന്നതപ്രകൃതി ഇവയിലെ പ്രത്യേക വിഭാഗത്തെ കൂട്ടിയിണക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന വർധിച്ച നീരൊഴുക്ക് അതിനെ ഉൾക്കൊള്ളുന്ന ചാലിന്റെ വലിപ്പം ഗണ്യമായി വർധിപ്പിക്കുന്നു. ഈ പ്രക്രിയയിൽ സ്വാഭാവികമായും ശിലാഘടനയുടെ പ്രത്യേകതകൾ സ്വാധീനം ചെലുത്താം. കടുപ്പമേറിയ ശിലകൾ വിണ്ടുകീറുന്നത് നന്നേ മന്ദഗതിയിലും ഇടുങ്ങിയ രീതിയിലും ആവാം. മറിച്ച് മൃദു(soft)ശിലകൾ ആഴത്തോട് ഏതാണ്ട് അടുത്തുനില്ക്കുന്ന വീതിയിൽ, താരതമ്യേന വിസ്തൃതങ്ങളായ ചാലുകൾക്ക് അവസരമുണ്ടാക്കുന്നു. ആഴം കൂട്ടുന്ന പ്രവർത്തനം അടിയിലുള്ള പ്രത്യേക ശിലാസ്തരം വരെ മാത്രമേ സാധ്യമാവുകയുള്ളൂ. ഈ നിരപ്പിനെനിമ്നാപരദനതലം (base level of erosion) എന്നു വിശേഷിപ്പിക്കുന്നു. ഒരു നീർച്ചാലിന്റെ ആഴം ഈ തലം വരെ എത്തിക്കഴിഞ്ഞാൽ ആ ചാലിന്റെ വീതി അനുക്രമമായി വർധിക്കുകയും അത് കൂടുതൽ ജലപ്രവാഹത്തെ ഉൾക്കൊള്ളുവാൻ പ്രാപ്തമാവുകയും ചെയ്യും.
അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് തോടുകൾ ഉണ്ടാവുന്നു; തോടുകൾ കൂടിച്ചേർന്ന് പുഴകളുണ്ടാവുന്നു. അനുകൂല പരിതഃസ്ഥിതികളിൽ ഈ പുഴകൾ ഒറ്റപ്പെട്ട നിലയിൽത്തന്നെ കടലിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുകാറുണ്ട്; കനത്ത മഴയിലൂടെ കിട്ടുന്ന ജലസമൃദ്ധിയും ഏകതാനമായ ഭൂപ്രകൃതിയുമാണ് ഇതിനു സഹായിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ സാധാരണയായി, ഭൂപ്രകൃതി ക്രമരഹിതവും നിമ്നോന്നതവുമായിരിക്കുന്നതുമൂലം ചെറു പുഴകൾ പരസ്പരം കൂട്ടിമുട്ടുവാനും ഒന്ന് മറ്റൊന്നിൽ ലയിക്കുവാനും സാധ്യതയേറുന്നു. ഇങ്ങനെ ലയിച്ചുണ്ടാവുന്ന നദികൾ വീണ്ടും കൂടിച്ചേർന്ന് പരിഗണനീയമായ വലിപ്പത്തിലുള്ള നദികൾ സൃഷ്ടിക്കപ്പെടുന്നു. ഭൂപ്രകൃതിയിലെ ഭേദങ്ങൾക്കനുസരിച്ച് ഇവയുടെ നീളത്തിലും തടപ്രകൃതിയിലും (basin characteristics) വൈവിധ്യമുണ്ടാവും.
ഒരു ജലധാര ശിലകളെ വിഘടിപ്പിക്കുന്നതും സ്വന്തം ചാലിന്റെ ആഴവും പരപ്പും വർധിപ്പിക്കുന്നതുംഅപഘർഷണം (Corrasion),സംക്ഷാരണം (Corrosion),പ്രധാരാക്ഷാളനം (Hydraulic action),പരിവഹണം (Transportation) എന്നീ നാല് പ്രക്രിയകളിലൂടെയാണ്. താരതമ്യേന കടുപ്പമുള്ള ശിലാതലങ്ങളിലൂടെ നിരുപദ്രവമായി ഒഴുകുന്ന സ്വഭാവമാണ് ശുദ്ധജലത്തിനുള്ളത്. എന്നാൽ ഒരു ജലധാര വഹിച്ചുനീക്കുന്ന ചെറുതും വലുതുമായ ശിലാകണങ്ങൾ-അവ പൊടിമണൽ, ചൊരിമണൽ, ചളി, ചരൽ, പാറക്കഷണം എന്നിങ്ങനെ ഏതു രൂപത്തിലായാലും- ശിലാപാളികളിൽ ഉരസിയും ചുരണ്ടിയും പ്രഹരമേല്പിച്ചും അവയെ സാരമായ തോതിൽ വിഘടിപ്പിക്കുന്നു. ഇങ്ങനെ അടർന്നുമാറുന്ന ശിലാകണങ്ങൾ തുടർന്നുള്ള വിഘടനത്തിന് ആക്കംകൂട്ടുന്നു. ഈ പ്രക്രിയയെ മൊത്തത്തിൽ അപഘർഷണം എന്നു പറയുന്നു. ജലധാരയുടെ ഗതിവേഗത്തിന് ആനുപാതികമായി അപഘർഷണത്തിന്റെ തോതിലും വ്യതിയാനമുണ്ടാകുന്നു. ശിലാഘടകങ്ങളിൽ നല്ലൊരു വിഭാഗം ജലത്തിൽ ലയിക്കുന്നവയാണ്. ഒഴുക്കുവെള്ളത്തിന് ശിലകളുമായി വർധിച്ച തോതിൽ രാസപ്രവർത്തനത്തിലേർപ്പെടുന്നതിനും ശിലാപദാർഥങ്ങളെ വിലയിപ്പിക്കുന്നതിനും കഴിയും. ഫലത്തിൽ സാരമായ തോതിലുള്ള ശിലാവിഘടനമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഈ പ്രക്രിയയെയാണ് സംക്ഷാരണം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. നീരൊഴുക്കിന്റെ ശക്തിയിലൂടെ മാത്രം നിവർത്തിക്കുന്ന ശിലാവിഘടനത്തെയാണ് പ്രധാരാക്ഷാളനമായി വിവക്ഷിക്കുന്നത്. നീർച്ചാലിന്റെ പാർശ്വഭിത്തികളിലെ ബലക്കുറവുള്ള ഭാഗങ്ങൾ ഒഴുക്കിന്റെ ശക്തിയാൽ ഒന്നാകെ അടർന്നുവീഴുന്നത് സാധാരണമാണ്. ചാലിൽ അടിഞ്ഞുകൂടുന്ന ശിലാപദാർഥങ്ങളെ-വലിയ പാറകളുൾപ്പെടെ-ഒട്ടാകെ ഒഴുക്കിമാറ്റാനും ഒരു ജലധാരയ്ക്കു കഴിയും. ഒഴുക്കിൽപ്പെട്ട് വരുന്ന ചെറുതും വലുതുമായ പാറക്കഷണങ്ങൾ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ അവയ്ക്ക് ശിഥിലീകരണം സംഭവിക്കുന്നു. വൻതോതിൽ നടക്കുന്ന ഈ ഉപപ്രക്രിയയ്ക്ക് സന്നിഘർഷണം (attrition) എന്നുപറയുന്നു. പാറക്കഷണങ്ങൾ കൂട്ടിയുരുമ്മുമ്പോൾ ഭാഗികമായി വിഘടനം സംഭവിക്കുന്ന കടുപ്പം കൂടിയ ശിലാഖണ്ഡങ്ങൾ മിനുസമേറിയ പ്രതലങ്ങളോടെ അവശേഷിക്കുന്നത് സാധാരണമാണ്. നദീപഥങ്ങളിൽ മിനുസമുള്ള ഉരുളൻകല്ലുകൾ ധാരാളമായി കാണപ്പെടുന്നതിന്റെ കാരണം സന്നിഘർഷണമാണ്. പ്രധാരാക്ഷാളനത്തിലൂടെ വിഘടിതമാവുന്ന ശിലാപദാർഥങ്ങൾ ജലധാരയാൽ വഹിച്ചുനീക്കപ്പെടുന്നു. ഇവ ഇടതൂർന്നുള്ള അപഘർഷണം ഇരട്ടിപ്പിക്കുന്നു; സ്വയം വിഘടിച്ച് ശിഥിലീകൃതമാകുവാനുള്ള പ്രവണതയും നിദർശിപ്പിക്കുന്നു. മേൽവിവരിച്ച രീതിയിലുള്ള അപരദന (erosional) പ്രക്രിയയിലൂടെ ശിലാപദാർഥങ്ങൾ വൻതോതിൽ അടിഞ്ഞുകൂടുന്നത് ചാലിന്റെ വികസനത്തിന് തടസ്സമാവേണ്ടതാണ്. എന്നാൽ ഒഴുക്കുവെള്ളത്തിന്റെ വഹനക്ഷമത(transporting capacity) ഈ ദുഃസ്ഥിതിയെ ഒഴിവാക്കുന്നു. ഒരു ജലധാരയുടെ വഹനക്ഷമത അതിന്റെ ഗതിവേഗത്തിന്റെ നാലാം വർഗത്തിന് ആനുപാതികമാണ്. വേഗത കൂടുന്തോറും വർധിച്ച തോതിൽ പദാർഥങ്ങളെ വഹിച്ചുനീക്കാനാവും. ഇത് ഒരു ജലധാര സ്വന്തം ചാല് വികസിപ്പിച്ച് നദിയായി പരിണമിക്കുന്നതിലെ സുപ്രധാനഘടകമാണ്. ആകാവുന്നിടത്തോളം വസ്തുക്കളെ വിലയിപ്പിച്ചും കനം കുറഞ്ഞവയെ വഹിച്ചും നീങ്ങുന്ന ഒഴുക്കുവെള്ളം കനംകൂടിയ പദാർഥങ്ങളെ അടിവുകളാക്കി മുന്നേറുവാനുള്ള പ്രവണത കാട്ടുന്നു. എന്നാൽ അടിത്തട്ടിൽ പ്രധാരാക്ഷാളനം ശക്തമായതിനാൽ അടിഞ്ഞുകൂടുന്ന പദാർഥസഞ്ചയം സാവധാനമെങ്കിലും നദിയുടെ ഗതിക്കൊത്ത് വലിച്ചുനീക്കപ്പെടുന്നു. ശിലാഘടകങ്ങളുടെ പ്രവാഹജലത്തിൽപ്പെട്ടുള്ള നീക്കത്തിനെ മൊത്തത്തിൽ പരിവഹണം എന്ന സംജ്ഞയിലൂടെയാണ് വിവക്ഷിക്കുന്നത്. ശിലാവസ്തുക്കളെ വിലയിപ്പിക്കുവാൻപോന്ന അസാമാന്യ രാസികപ്രഭാവം, ജലവ്യാപ്തം, ഒഴുക്ക് എന്നിവയാണ് ജലധാരകളുടെ അപരദനശക്തി വർധിപ്പിക്കുന്നത്. ഒഴുകുന്ന പ്രതലത്തിന്റെ ചായ് വ് (slope) ഈ കഴിവിനെ നിർണായകമായി സ്വാധീനിക്കുന്നു. നീരൊഴുക്കിന് ആസ്പദമായ ഗുരുത്വവലിവ് (gravitational pull) പ്രദാനം ചെയ്യുന്നത് ഭൂമിയുടെ ചരിവുമാനം (slope) ആണ്. നദീഅപരദനത്തിന്റെ ഫലമായി വർഷംതോറും കോടിക്കണക്കിനു ടൺ ശിലാദ്രവ്യങ്ങൾ സമുദ്രങ്ങളിൽ അടിയുന്നു. ഇതിൽ ഭാരതത്തിലെ നദികളുടെ പങ്ക് 600 കോടി ടണ്ണിലേറെയാണ്.
ഭൗമോപരിതലത്തിൽ വർഷപാതത്തിലൂടെ വന്നെത്തുന്ന ജലത്തിന്റെ 35 ശതമാനത്തോളം നീർച്ചാലുകളായും തുടർന്ന് തോടുകളായും ഇവ സംഗമിച്ചുണ്ടാകുന്ന തടിനികളായും ചെറുനദികളാൽ പോഷിപ്പിക്കപ്പെട്ട് വൻ നദികളായും രൂപാന്തരം പ്രാപിച്ച് സമുദ്രങ്ങളിലോ അവയോടനുബന്ധിച്ചുള്ള വിസ്തൃത ജലാശയങ്ങളിലോ പതിക്കുന്നു. തുടക്കത്തിൽ മഴപെയ്തു വീഴുന്ന ജലം ഭൂമിയുടെ ചായ്‌വിനെ അവലംബിച്ച് ഒഴുകുവാൻ തുടങ്ങുന്നു. പ്രവാഹദിശയുടെ അടിസ്ഥാനത്തിൽ ക്രമേണ അനുവർത്തിയോ (consequent) പ്രത്യനുവർത്തിയോ (obsequent) പരിവർത്തിയോ (subsequent) ക്രമഹീനമോ (insequent) ഒക്കെയായി ജലധാരകൾ രൂപംകൊള്ളുന്നു . നിശ്ചിതമാർഗ്ഗത്തിലൂടെ ഒഴുകിനീങ്ങുന്ന ഇവ കാലാന്തരത്തിൽ ചാലുകളുടെ ശിലാഭിത്തികളെ കരണ്ടെടുത്ത് അവയുടെ ആഴവും പരപ്പും വർധിപ്പിക്കുകയും തുടർന്ന് തനതായ താഴ്വാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരേ മേഖലയിൽത്തന്നെ വിഭിന്ന ജലധാരകളുടെ അപരദനത്തോത് അവയിലൂടെ ഒഴുകിനീങ്ങുന്ന ജലപ്രവാഹത്തിന്റെ പരിമാണം, സ്ഥാനീയശിലകളുടെ സ്വഭാവ സവിശേഷതകൾ, പ്രവാഹകാലം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. സ്വാഭാവികമായും അവയുടെ പ്രവർത്തനത്തിലൂടെ ഉരുത്തിരിയുന്ന താഴ്വരകളുടെ വിസ്തൃതി, ആകൃതി, ചരിവുമാനം തുടങ്ങിയവയ്ക്കും വിഭിന്ന സ്വഭാവം കൈവരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത താഴ്വരകളിൽ രൂപംകൊള്ളുന്ന നദികളുടെ പ്രാമാണ്യതയിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു.
ചെറു തോടുകൾ രൂപംകൊള്ളുന്നതുമുതൽ അവയുടെ ഇരുപാർശ്വങ്ങളിലുമുള്ള ചരിവുതലങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലം നീർച്ചാലുകളായോ അല്ലാതെയോ തോടിലേക്ക് വന്നെത്തുന്നു. കാലാന്തരത്തിൽ പ്രധാന ജലധാരയായ തോട് വികാസം പ്രാപിച്ച് ചെറു നദിയായിത്തീരുകയും ചെയ്യും. കൂടുതൽ കൂടുതൽ ജലധാരകളെ ഉൾക്കൊണ്ട് കനത്ത ജലപ്രവാഹം ഉൾക്കൊള്ളുന്ന ഒരു നദി ഉരുത്തിരിയുന്നതിന് ഇതിലൂടെ സാഹചര്യമൊരുങ്ങുന്നു. ശിലാഘടനയിലും ഉച്ചാവച(relief)ത്തിലുമുള്ള നാനാത്വംമൂലം ഒരു മേഖലയിൽ രൂപംകൊള്ളുന്ന താഴ്വരകൾ പല വിതാനങ്ങളിലായിരിക്കും. ഇതേ കാരണംകൊണ്ട് അവയിലെ പ്രധാന ജലധാരകളുടെ വികസനത്തിലും വൈവിധ്യമുണ്ടാവുന്നു. സ്വാഭാവികമായും പ്രാമാണികവികസനം നേടിക്കഴിഞ്ഞ ജലധാരയിലേക്ക് മറ്റുള്ളവ ഒഴുകിയെത്തുന്നു. ഇതേത്തുടർന്ന് പ്രധാന നദീതടം ബഹിർവ്യാപനത്തിലൂടെ സമീപസ്ഥങ്ങളായ ചെറുതടങ്ങളെ സ്വയം ഉൾക്കൊള്ളുന്ന അവസ്ഥയും ഉണ്ടാകാം. കാലാന്തരത്തിൽ, പോഷകനദികളുടെ തടങ്ങൾ അപരദനഫലമായി പ്രധാന തടത്തിന്റെ തലവുമായി സമസ്ഥിതി (equilevel position) പ്രാപിച്ചെന്നും വരാം.
അനേകം പോഷകനദികളെ ഉൾക്കൊണ്ട്, കനത്ത ജലപ്രവാഹത്തോടെ, ചായ്വുതലങ്ങളിലൂടെ പ്രവഹിക്കുന്ന ഒരു നദിക്ക് മാർഗ്ഗമധ്യേയുണ്ടാകുന്ന പ്രതിബന്ധങ്ങളെ ഉല്ലംഘിച്ചും കുത്തൊഴുക്കിലൂടെ സ്വന്തം ചാൽ വികസിപ്പിച്ചും മുന്നേറാനാവുന്നു. ഈ ഗതി പതനസ്ഥാനത്തോളം തുടരാനുമാവും. ജലപ്രവാഹത്തോടൊപ്പം ശിലാപദാർഥങ്ങളുടെയും ഒഴുകിച്ചേരുന്ന മാലിന്യങ്ങളുടെയും വമ്പിച്ച ശേഖരത്തെയും നദിക്ക് ഉൾക്കൊള്ളേണ്ടിവരുന്നു. ചായ്‌വുതലങ്ങളിൽനിന്ന് നിരപ്പായ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതോടെ ഗുരുത്വവലിവ് കുറയുന്നതു നിമിത്തം നദിയുടെ വഹനക്ഷമതയിൽ കുറവുണ്ടാകും. ഇക്കാരണത്താൽ, ഉൾക്കൊണ്ടിട്ടുള്ള പദാർഥങ്ങളിലെ ഗണ്യമായ അംശത്തെ പിൻതള്ളി മുന്നോട്ടൊഴുകുവാൻ നദി നിർബന്ധിതമാവും. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കൾ നദീമധ്യത്തിലും പാർശ്വങ്ങളിലുമായി അട്ടിയിടപ്പെടുന്നു. നദീപഥത്തിന്റെ ചായ് വിൽ കുറവുണ്ടാകുന്ന ഇടങ്ങളിലൊക്കെത്തന്നെ ഈ വിധത്തിലുള്ളനിക്ഷേപണം (deposition) സംഭവിക്കുന്നു. ചാലിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെടുന്ന വസ്തുക്കൾ പ്രധാരാക്ഷാളനത്തിലൂടെ ഉരുണ്ടുനീങ്ങുന്നു. എന്നാൽ നദീമാർഗ്ഗത്തിലെ പ്രതിബന്ധങ്ങളുയർത്തുന്ന ശക്തമായ പ്രതിരോധത്തിനു വഴങ്ങി, ചിലയിടങ്ങളിൽ അടിവുകൾ (sediments) അട്ടിയട്ടിയായി വളർന്ന് ജലനിരപ്പിനു മുകളിലെ തുരുത്തു(braids)കളായി മാറുന്നു. അനുകൂല ഋതുക്കളിലുണ്ടാകുന്ന ജലപ്രളയങ്ങൾ പരിവഹണത്തിന്റെയും തന്മൂലം നിക്ഷേപത്തിന്റെയും അളവിൽ ഗണ്യമായ വർധനവുണ്ടാക്കുന്നു. കരകവിഞ്ഞൊഴുകുന്ന പ്രളയജലം വഹിച്ചുകൊണ്ടുവരുന്ന പദാർഥങ്ങളെ നദീപഥത്തിന്റെ ഇരുപുറവുമായി സാമാന്യം വലിയ അകലത്തോളം നിക്ഷേപിക്കുന്നത് സാധാരണമാണ്. ഇത്തരം നിക്ഷേപണം വർഷാവർഷം ആവർത്തിക്കുന്നതിലൂടെ കാലാന്തരത്തിൽ നദീതടത്തിന്റെ പതനസ്ഥലത്തോടടുത്തുള്ള മേഖല വിസ്തൃതമായ എക്കൽ സമതല(alluvial plain)മായി രൂപാന്തരപ്പെടുന്നു.
ഭൂമുഖത്തെ ആർദ്രമേഖല(humid region)കളിലുള്ള നദികളും നദീതാഴ്വര(river valley)കളും അനുബന്ധ സംരചനകളും നിയതവും വ്യതിരിക്തങ്ങളുമായ മൂന്ന് ഘട്ടങ്ങളെ തരണം ചെയ്താണ് വികാസദശയുടെ പരിസമാപ്തിയിലെത്തുന്നതെന്ന് ഡബ്ളിയു എം. ഡേവിസ് എന്ന ഭൂവിജ്ഞാനി സമർഥിച്ചിട്ടുണ്ട് (നോ: അപരദനചക്രം). ഈ മൂന്ന് ഘട്ടങ്ങൾക്ക് യുവാവസ്ഥ (Youth), പ്രൗഢാവസ്ഥ (Maturity), വൃദ്ധാവസ്ഥ (Old age) എന്നീ സംജ്ഞകളാണ് നല്കിയിട്ടുള്ളത്. യുവാവസ്ഥയിൽ പരിവർത്തനകാരകങ്ങളുടെ തീവ്രവും സജീവവുമായ പ്രവർത്തനംമൂലം ത്വരിതഗതിയിലുള്ള വികാസത്തിന് നദിയും തടപ്രദേശവും വിധേയമാകുന്നു. രണ്ടാമത്തെ ഘട്ടത്തിൽ പരിവർത്തനം താരതമ്യേന മന്ദീഭവിക്കുന്നു; എന്നാൽ നന്നേ വ്യാപകമാകും. അവസാനഘട്ടമായ വൃദ്ധാവസ്ഥയിൽ അപരദനപ്രക്രിയ തികച്ചും മന്ദഗതിയിലാവും. പക്ഷേ അപക്ഷയം(weathering), ഭൂതലജീർണത (mass wasting) എന്നിവ മൂലമുള്ള ശിഥിലീകരണവും ഭൂരൂപക്ഷയവും തുടർന്നുകൊണ്ടിരിക്കും. വിവർത്തനിക (tectonic) പ്രക്രിയകളിലൂടെ ഝടിതിയിലുള്ള പരിവർത്തനങ്ങൾ സംഭവിക്കാത്തപക്ഷം ആർദ്രകാലാവസ്ഥ(humid climate)യിലുള്ള ഏതു നദീതാഴ്വരയും മേൽപ്പറഞ്ഞ മൂന്ന് അവസ്ഥകളെയും പിന്നിട്ട് ഉച്ചാവചശൂന്യമായ സമതല(Peneplain)ങ്ങളായി പരിണമിക്കും. നന്നേ സാവധാനത്തിലുള്ള ഈദൃശ പരിവർത്തനത്തിന് നീണ്ട കാലയളവുകൾ ആവശ്യമാണ്. ഈ പ്രക്രിയയുടെ പരിസമാപ്തിക്ക് സാമാന്യ അപരദനചക്രം (Normal Cycle of Erosion) എന്ന സംജ്ഞയാണ് നല്കിയിട്ടുള്ളത്.