സിജി പ്രദീപ്
രവീന്ദ്രൻ നായരുടെയും ശാന്തിയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ കരകുളം ഏണിക്കരയിൽ ജനിച്ചു. ഗവ:യു പി എസ് കരകുളം, ഗവ: ജി എച്ച് എസ് എസ് നെടുമങ്ങാട് എന്നിവിടങ്ങളിലായിരുന്നു സിജിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് ഡിഗ്രി, പി ജി, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽ നിന്നു ജേർണലിസം പി.ജി.ഡിപ്ലോമ, കേരള യൂണിവേഴ്‌സിറ്റിയിൽ തിയേറ്റർ ആർട്സ് ആൻഡ് ഫിലിം aesthetics ഫോർ എഡ്യൂക്കേഷനിൽ നിന്നു എം.ഫിൽ എന്നിവ പൂർത്തിയാക്കിയ സിജി ഇപ്പോൾ എം ജി യൂണിവേഴ്സിറ്റി സ്ക്കൂൾ ഓഫ് ലെറ്റേഴ്സിൽ പി എച്ച് ഡി ചെയ്യുന്നു.
2004 - 2005 വർഷത്തിൽ തിരുവനന്തപുരം അഭിനയ നടകപഠന കേന്ദ്രം അവതരിപ്പിച്ച ശ്രീ പ്രൊഫ രാമനുജം സംവിധാനം ചെയ്ത "കറുത്ത ദൈവത്തെ തേടി"(ജി.ശങ്കരപിള്ള-രചന)എന്ന നാടകത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ട് സിജി പ്രദീപ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. തുടർന്ന് അഭിനയയുടെ സിദ്ധാർത്ഥ, ഭഗവദജ്ജുകം, മദർ കറേജ്, നിരീക്ഷ വുമൺ നാടക വേദിയുടെ പ്രവാചക, ആണുങ്ങൾ ഇല്ലാത്ത പെണ്ണുങ്ങൾ എന്നീ നാടകങ്ങളും പിഎം ആന്റണി സംവിധാനം ചെയ്ത "വിശുദ്ധ പാപങ്ങൾ", തൃശൂർ ഓക്സിജൻ തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ദീപൻ ശിവരാമൻ സംവിധാനം ചെയ്ത "സ്പൈനൽ കോഡ് "എന്ന നാടകത്തിലും, ഡോ.വയലാ വാസുദേവൻ എഴുതി സംവിധാനം ചെയ്ത "ആണ്ടുബലി" എന്ന നാടകത്തിലും പ്രധാന വേഷങ്ങളിൽ സിജി അഭിനയിച്ചു. നിരവധി നാഷണൽ ഇന്റർനാഷണൽ തിയറ്റർ ഫെസ്റ്റിവലുകളിൽ Itfolk ഉൾപ്പെടെ പങ്കെടുത്തു. പ്രൊഫ രാമനുജം, വയലാ വാസുദേവൻ നായർ, ഡി രഘൂത്തമൻ, പി എം ആന്റണി, ജ്യോതിഷ് എംജി, സി വി സുധി, ദീപൻ ശിവരാമൻ, തുടങ്ങിയവരാണ് സിജി പ്രദീപിന്റെ അരങ്ങിലെ ഗുരുക്കന്മാർ.
നാടകവേദികളിൽ നിന്നുമാണ് സിജി സിനിമയിലേയ്ക്കെത്തുന്നത്. പനോരമ ടിവി, കൈരളി ചാനൽ, ജയ് ഹിന്ദ് ടിവി എന്നീ ചാനലുകളിൽ ആങ്കറിംഗ് ചെയ്തപ്പോളും ജനയുഗം പത്രത്തിൽ ജോലി ചെയ്തപ്പോളുമുണ്ടായ സൗഹൃദങ്ങളാണ് സിജിയ്ക്ക് സിനിമാപ്രവേശനത്തിന് സഹായകരമായത്. 2009ൽ "ഏറനാടിൻ പോരാളി" എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സിജി പ്രദീപ് ചലച്ചിത്ര ലോകത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. അതിനുശേഷം ലൂമിയർ ബ്രദേഴ്‌സ്, കന്യക ടാക്കീസ്, ഇളയരാജ, ഭാരതപ്പുഴ എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സിജി അഭിനയിച്ചു. കൂടാതെ ഛായാമുഖി, ഉണരൂ, ഗ്രാഫ്, പരോൾ, പകലുകളുടെ റാണി, ആലിമിന്റെ തട്ടുകട, കാമ്പ്, Tale of a wind, The hurt, ഹാജ, തണലിടങ്ങൾ എന്നിവയുൾപ്പെടെ ഇരുപതോളം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡൽഹി ഭാരത് രംഗ് മഹോത്സവ്, പൃഥ്വി തിയേറ്റർ ഫെസ്റ്റിവൽ മുംബൈ, Itfolk കേരള തിയേറ്റർ ഫെസ്റ്റിവൽ തുടങ്ങിയ നാഷണൽ ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലുകളിലും സിജി നിരവധി തവണ പെർഫോം ചെയ്തിട്ടുണ്ട്.
ജി സി സി റേഡിയോ ഡ്രാമ ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിക്കുള്ള അവാർഡ്, പി ജെ ആന്റണി മെമ്മോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അഭിനയത്തിനു സ്‌പെഷ്യൽ ജൂറി അവാർഡ്, കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെല്ലോഷിപ്പ് അവാർഡ് (സി സി ആർ ടി ജൂനിയർ ഫെല്ലോഷിപ്പ്( ഫോർ തിയേറ്റർ ) എന്നിവ നേടിയിട്ടുള്ള സിജി പ്രദീപ് 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മണിലാൽ സംവിധാനം ചെയ്ത ഭാരതപ്പുഴ എന്ന സിനിമയിലൂടെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും കരസ്ഥമാക്കി.
ഗൾഫ് ടൈംസിൽ എഡിറ്ററായ പ്രദീപിനെയാണ് സിജി വിവാഹം ചെയ്തിട്ടുള്ളത്. അവർക്ക് ഒരു മകൾ - പ്രവാഹി പ്രദീപ്.
വിലാസം- സിജി പ്രദീപ്, സിജി ഭവൻ,ഏണിക്കര,കരകുളം പി.ഒ, തിരുവനന്തപുരം.
സിജി പ്രദീപ് , കനകപ്പിള്ളി ഹൌസ് , വെള്ളയത്തു ആനന്ദപുരം ,ഇരിഞ്ഞാലക്കുട, തൃശൂർ..
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ലൂമിയർ ബ്രദേഴ്‌സ് | മധു തത്തംപള്ളി | ||
ഏറനാടിൻ പോരാളി | നന്ദകുമാർ കാവിൽ | ||
കന്യക ടാക്കീസ് | കെ ആർ മനോജ് | 2015 | |
വളപ്പൊട്ടുകൾ | മധു തത്തംപള്ളി | 2017 | |
ഉത്തരം പറയാതെ | കൊല്ലം കെ രാജേഷ് | 2017 | |
സുവർണ്ണ പുരുഷൻ | സുനിൽ പൂവേലി | 2018 | |
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 | |
ഇളയരാജ | മാധവ് രാംദാസൻ | 2019 | |
ഭീമന്റെ വഴി | സിജി വർഗീസ്സ് | അഷ്റഫ് ഹംസ | 2021 |
ഭാരതപ്പുഴ | സുഗന്ധി | മണിലാൽ | 2021 |
മൂൺവാക്ക് | എ കെ വിനോദ് | 2021 | |
ആകാശത്തിനു താഴെ | ലിജീഷ് മുല്ലേഴത്ത് | 2022 | |
നിഴലാഴം | രാഹുൽ രാജ് | 2022 | |
ചാൾസ് എന്റർപ്രൈസസ് | ലക്ഷ്മി | സുഭാഷ് ലളിത സുബ്രഹ്മണ്യൻ | 2023 |
ഡിവോഴ്സ് | മിനി ഐ ജി | 2023 |