സീമ
മലയാള ചലച്ചിത്ര താരം. 1957 മെയ് 22-ന് ചെന്നൈയിലെ പുരുഷവാക്കത്ത് മലയാളിദമ്പതികളായ മാധവൻ നമ്പ്യാരുടെയും വാസന്തിയുടെയും മകളായി ജനിച്ചു. ശാന്തകുമാരി നമ്പ്യാർ എന്നായിരുന്നു യഥാർത്ഥ നാമം. ശാന്തി എന്നായിരുന്നു വിളിപ്പേര്. ശാന്തിയുടെ ഏഴാമത്തെ വയസ്സിൽ അച്ഛൻ അമ്മയുമായി പിരിഞ്ഞ് വേറെ വിവാഹം ചെയ്തു. അമ്മയോടൊപ്പം വളർന്ന ശാന്തി വളരെ ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ചിരുന്നു. ചെന്നൈ പി എൻ ധവാൻ ആദർശ് വിദ്യാലയയിലായിരുന്നു ശാന്തിയുടെ വിദ്യാഭ്യാസം.
തന്റെ പതിനാലാം വയസ്സിൽ തമിഴ് സിനിമകളിൽ നൃത്തം ചെയ്തുകൊണ്ടായിരുന്നു ശാന്തിയുടെ തുടക്കം. 1971-ൽ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ സീമ തുടക്കം കുറിയ്ക്കുന്നത്. 1973- ൽ നിഴലേ നീ സാക്ഷി എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചെങ്കിലും ആ സിനിമ റിലീസായില്ല. നിഴലേ നീ സാക്ഷിയിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് പ്രശസ്ത നടൻ വിജയൻ ശാന്തിയ്ക്ക് സീമ എന്നപേര് നൽകുന്നത്. തുടർന്ന് ചില മലയാളം,തമിഴ് സിനിമകളിൽ ചെറിയവേഷങ്ങൾ ചെയ്തു. 1978- ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ നായികയായതോടെയാണ് സീമ പ്രശസ്തിയിലേയ്ക്കുയരുന്നത്. താമസിയാതെ സീമ മലയാളത്തിലെ മുൻനിര നായികയായി വളർന്നു.
പ്രേംനസീർ,ജയൻ,സോമൻ,സുകുമാരൻ,മമ്മൂട്ടി,മോഹൻലാൽ..എന്നിവരുടെയെല്ലാം നായികയായി സീമ അഭിനയിച്ചു. ജയനോടൊപ്പം നിരവധി ചിത്രങ്ങളിൽ സീമ അഭിനയിച്ചിരുന്നു. ജയൻ - സീമ ജോടികൾ ആ കാലത്തെ പ്രേക്ഷകരുടെ ഹരമായിരുന്നു. മമ്മൂട്ടിയോടൊപ്പം മുപ്പതിലധികം സിനിമകളിൽ സീമ നായികയായിട്ടുണ്ട്. 1989-വരെ സീമ മലയാള സിനിമകളിൽ നിറഞ്ഞുനിന്നു. 89- ൽ മഹായാനം എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനുശേഷം അഭിനയജീവിതത്തോട് താത്ക്കാലികമായി വിടപറഞ്ഞ സീമ 1999- ൽ മോഹൻലാൽ ചിത്രമായ ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ തിരിച്ചുവന്നു. 1984, 85 വർഷങ്ങളിൽ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സീമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാള സിനിമകൾ കൂടാതെ തമിഴ്,തെലുങ്കു,കന്നഡ എന്നീ ഭാഷകളിലും നിരവധി സിനിമകളിൽ സീമ അഭിനയിച്ചിട്ടുണ്ട്. ദീദി ദാമോദരൻ രചിച്ച സീമയുടെ ജീവചരിത്രം "വിശുദ്ധ ശാന്തി" 2011-ൽ പ്രകാശനം ചെയ്തു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സീമ അഭിനയിച്ചിട്ടുണ്ട്.
1980-ൽ ആയിരുന്നു സീമയുടെ വിവാഹം. പ്രശസ്ത സംവിധായകൻ ഐ വി ശശിയാണ് സീമയെ വിവാഹം ചെയ്തത്. സീമ - ശശി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. അനു ശശി, അനി ശശി. ഐ വി ശശി സംവിധാനം ചെയ്ത സിംഫണി എന്ന സിനിമയിൽ മകൾ അനു അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അച്ഛന്റെ ഭാര്യ | തിക്കുറിശ്ശി സുകുമാരൻ നായർ | 1971 | |
നൃത്തശാല | എ ബി രാജ് | 1972 | |
ലേഡീസ് ഹോസ്റ്റൽ | ടി ഹരിഹരൻ | 1973 | |
ദേവി കന്യാകുമാരി | പി സുബ്രഹ്മണ്യം | 1974 | |
നിഴലേ നീ സാക്ഷി | ബേബി | 1977 | |
മനോരഥം | പി ഗോപികുമാർ | 1978 | |
സൂത്രക്കാരി | അലക്സ് | 1978 | |
അവളുടെ രാവുകൾ | രാജി | ഐ വി ശശി | 1978 |
ഞാൻ ഞാൻ മാത്രം | ഐ വി ശശി | 1978 | |
അടവുകൾ പതിനെട്ട് | വിജയാനന്ദ് | 1978 | |
ഉറക്കം വരാത്ത രാത്രികൾ | കവിത | എം കൃഷ്ണൻ നായർ | 1978 |
ഈ മനോഹര തീരം | ഐ വി ശശി | 1978 | |
പടക്കുതിര | പി ജി വാസുദേവൻ | 1978 | |
അനുഭൂതികളുടെ നിമിഷം | പി ചന്ദ്രകുമാർ | 1978 | |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 | |
ഈറ്റ | ശ്രീദേവി | ഐ വി ശശി | 1978 |
സീമന്തിനി | പി ജി വിശ്വംഭരൻ | 1978 | |
അനുമോദനം | ഐ വി ശശി | 1978 | |
അവകാശം | എ ബി രാജ് | 1978 | |
ലിസ | ലിസ | ബേബി | 1978 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നാടോടിക്കാറ്റ് | സത്യൻ അന്തിക്കാട് | 1987 |
ചിരിയോ ചിരി | ബാലചന്ദ്ര മേനോൻ | 1982 |