പ്രേംനവാസ്
മലയാള ചലച്ചിത്രനടൻ. 1932 ജനുവരി 1-ന് ഷാഹുൽ ഹമീദിന്റെയും അസ്മാബീവിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനിച്ചു. അബ്ദുൾ വഹാബ് എന്നായിരുന്നു യഥാർത്ഥ പേര്. മലയാളത്തിന്റെ നിത്യഹരിത നായകൻപ്രേംനസീറിന്റെ അനുജനാണ് പ്രേംനവാസ്. വിദ്യാഭ്യാസത്തിനുശേഷം സിനിമയിൽ അവസരം തേടി അദ്ധേഹം മദ്രാസിലേയ്ക്ക് പോയി.1956-ൽ ജെ ഡി തൊട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് എന്ന സിനിമയിലൂടെയാണ് പ്രേംനവാസ് സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. കൂടപ്പിറപ്പ് റിലീസായി മൂന്നു വർഷത്തിനുശേഷമാണ് പ്രേംനവാസിന് ഒരിയ്ക്കൽ കൂടി നായകനാവാനുള്ള അവസരം ലഭിയ്ക്കുന്നത്. നാടോടികൾ എന്നായിരുന്നു സിനിമയുടെ പേര്. ആദ്യകാല നായിക അംബികയുടെ ആദ്യചിത്രവും കൂടപ്പിറപ്പ് തന്നെയായിരുന്നു. അതിനു ശേഷം മൂന്നുവര്‍ഷം കഴിഞ്ഞു നാടോടികള്‍ എന്ന സിനിമ തന്നെയായിരുന്നു അംബികയുടെ രണ്ടാമത്തെ ചിത്രവും. പ്രേംനവാസ് നായക-ഉപനായക വേഷത്തില്‍ അഭിനയിച്ചു റിലീസ് ആയ ആദ്യ ആറു സിനിമകളിലും നായിക - ഉപനായിക വേഷത്തില്‍ അംബിക തന്നെയായിരുന്നു.
1961-ൽ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടംബെച്ച കോട്ട് ലെ നായകനായി അഭിനയിച്ചത് പ്രേംനവാസായിരുന്നു. രണ്ടു പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളിൽ പ്രേംനവാസ് അഭിനയിച്ചിട്ടുണ്ട്. ശ്രീരാമ പട്ടാഭിഷേകത്തിൽ ലക്ഷ്മണനായും, ശ്രീ ഗുരുവായൂരപ്പനിൽ ശ്രീകൃഷ്ണനായും അദ്ധേഹം അഭിനയിച്ചു. പ്രേംനവാസ് കൂടുതലും ഉപനായക വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഏതാണ്ട്30 സിനിമകളില്‍ താഴെ മാത്രമേ അദ്ദേഹം അഭിനേതാവ് എന്ന നിലയില്‍ ചെയ്തിട്ടുള്ളൂ. കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്തകന്യാകുമാരിയിലെ നായകതുല്യ വേഷവും, രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് സിനിമയിലെ സെമിവില്ലന്‍ വേഷവുമാണ് എടുത്തു പറയാനായിട്ടുള്ളത്. കാർത്തിക എന്ന സിനിമയിലെ " ഇക്കരെയാണെന്‍റെ മാനസം.., " പാവാടപ്രായത്തില്‍ നിന്നെ ഞാന്‍... എന്നിവയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഗാനരംഗങ്ങള്‍.
പ്രേംനവാസ് മലയാള സിനിമയ്ക്ക് വേണ്ടി നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ്അഗ്നിപുത്രി എന്ന ചലച്ചിത്രം. പ്രേം പ്രൊഡക്ഷന്‍ എന്ന ബാനറില്‍ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ഈ സിനിമയിലെ കേന്ദ്രകഥാപാത്രം ഷീലയായിരുന്നു. നായകന്‍ അദ്ധേഹത്തിന്റെ സഹോദരന്‍ പ്രേംനസീര്‍. അഗ്നിപുത്രി കൂടാതെ നാലു സിനിമകൾ കൂടി പ്രേംനവാസ് നിർമ്മിച്ചിട്ടുണ്ട്.
1992 മാർച്ച് 6-ന് ചെന്നൈയിൽ വെച്ചുണ്ടായ ഒരു ട്രെയിൻ അപകടത്തിലാണ് പ്രേം നവാസ് മരിച്ചത്. പ്രേംനവാസിന്റെ ഭാര്യ സുലോചന. മകൻ പ്രേംകിഷോർ
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | 1956 | |
നാടോടികൾ | വിജയൻ | എസ് രാമനാഥൻ | 1959 |
സ്ത്രീഹൃദയം | ജെ ഡി തോട്ടാൻ | 1960 | |
കണ്ടംബെച്ച കോട്ട് | ഉമ്മർകോയ | ടി ആർ സുന്ദരം | 1961 |
അരപ്പവൻ | കെ ശങ്കർ | 1961 | |
ശ്രീരാമപട്ടാഭിഷേകം | ലക്ഷ്മണൻ | ജി കെ രാമു | 1962 |
വേലുത്തമ്പി ദളവ | ഉണ്ണി നമ്പൂതിരി | ജി വിശ്വനാഥ്,എസ് എസ് രാജൻ | 1962 |
കാൽപ്പാടുകൾ | പുള്ളുവൻ | കെ എസ് ആന്റണി | 1962 |
ശ്രീ ഗുരുവായൂരപ്പൻ | ശ്രീകൃഷ്ണൻ | എസ് രാമനാഥൻ | 1964 |
ആറ്റം ബോംബ് | സുധാകരൻ | പി സുബ്രഹ്മണ്യം | 1964 |
സുബൈദ | സലിം | എം എസ് മണി | 1965 |
അമ്മു | അപ്പു | എൻ എൻ പിഷാരടി | 1965 |
കടത്തുകാരൻ | മുകുന്ദൻ | എം കൃഷ്ണൻ നായർ | 1965 |
കാർത്തിക | പ്രഭാകരൻ | എം കൃഷ്ണൻ നായർ | 1968 |
മാൻപേട | പി എം എ അസീസ് | 1971 | |
യോഗമുള്ളവൾ | സി വി ശങ്കർ | 1971 | |
പ്രീതി | വില്യം തോമസ് | 1972 | |
തൊട്ടാവാടി | എം കൃഷ്ണൻ നായർ | 1973 | |
സ്വർണ്ണവിഗ്രഹം | മോഹൻ ഗാന്ധിരാമൻ | 1974 | |
കന്യാകുമാരി | കെ എസ് സേതുമാധവൻ | 1974 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
അഗ്നിപുത്രി | എം കൃഷ്ണൻ നായർ | 1967 |
നീതി | എ ബി രാജ് | 1971 |
തുലാവർഷം | എൻ ശങ്കരൻ നായർ | 1976 |
പൂജയ്ക്കെടുക്കാത്ത പൂക്കൾ | എൻ ശങ്കരൻ നായർ | 1977 |
കെണി | ജെ ശശികുമാർ | 1982 |
രാക്കുയിൽ - ഡബ്ബിംഗ് | കെ രവീന്ദ്രബാബു | 1987 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
അനാഥ ശില്പങ്ങൾ | എം കെ രാമു | 1971 |
കാർത്തിക | എം കൃഷ്ണൻ നായർ | 1968 |