ജോൺ സാമുവൽ
മേടയിൽ സി.സാമുവലിന്റെയും ചിന്നമ്മ സാമുവലിന്റെയും മകനായി മാവേലിക്കരയിൽ 1950 മെയ് 15 ആം തിയതിയാണ് ജോൺ സാമുവൽ ജനിച്ചത്. മാവേലിക്കര ദേവസ്വ ബോർഡ് ഗവ.ഹൈസ്കൂൾ, കോളജ്, ശാസ്താംകോട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
പത്രപ്രവർത്തകനായി തുടങ്ങിയ ഇദ്ദേഹം ആകാശവാണിയിൽ നിന്ന് ദൂരദർശനിലെത്തി സീനിയർ പ്രൊഡ്യൂസർ ആയി വിരമിച്ചു. കേരള സാഹിത്യ അക്കാദമി അംഗമായിരുന്ന ഇദ്ദേഹം കഥാകൃത്ത്, നടൻ, പ്രക്ഷേപകൻ, മാധ്യമപ്രവർത്തകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ മുദ്ര പതിപ്പിച്ച വ്യക്തിത്വം കൂടിയാണ്. യാഗം, മുഖാമുഖം, ശേഷക്രീയ, പ്രേംനസീറിനെ കാണ്മാനില്ല, അനന്തരം, വിട പറയും മുമ്പേ , മീനമാസത്തിലെ സൂര്യന്‍ തുടങ്ങി 12 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ 1989 ൽ കെ ജി ജോർജ് ദൂരദർശൻ ഇന്ത്യ ടിവിക്കു വേണ്ടി സംവിധാനം ചെയ്ത യാത്രയുടെ അന്ത്യം എന്ന ചിത്രത്തിന്റെ തിരക്കഥ ഇദ്ദേഹമാണ് രചിച്ചത്.
പത്രം, റേഡിയോ, ടെലിവിഷൻ, ചലച്ചിത്ര മേഖലകളിലായി 37 വർഷത്തെ മാധ്യമ പ്രവർത്തനത്തിനിടയിൽ ചെറുകഥ, നോവൽ, ബാലസാഹിത്യം, കായികം, സിനിമ, വിവർത്തനം എന്നീ വിഭാഗങ്ങളിലായി 31 പുസ്‌തകങ്ങൾ രചിച്ചു. ഹല്ലേലൂയ്യാ, അംശവടി, ചിതാഭസ്‌മം, ആകൽക്കറുസ, ആചാരവെടി, അതിഥി, തഥാസ്‌തു, കഥ, 100രാജ്യം 100കഥ എന്നീ കഥാസമാഹാരങ്ങളും മുക്തിയുടെ തീരം, അലഞ്ഞവരുടെ മൊഴി, നിഴൽപ്പക്ഷികൾ, ജോൺ സാമുവലിന്റെ നോവല്ലെകൾ, ഏഴു നോവല്ലെകൾ എന്നീ നോവലുകൾ കുറെ നാടോടിക്കഥകൾ, പണ്ടുപണ്ട്, വിശ്വോത്തര നാടോടിക്കഥകൾ എന്നീ ബാലസാഹിത്യങ്ങളും ആതൻസ് മുതൽ മോസ്കോ വരെ, കലിപ്സോ ക്രിക്കറ്റ്, ലോകകപ്പ് ക്രിക്കറ്റ്, ആതൻസ് മുതൽ ആതൻസ് വരെ, ലോകകപ്പിന്റെ 500 ദിനങ്ങൾ എന്നീ കായിക കൃതികളും റിപ്പ് വാൻ വിങ്കിൾ എന്ന വിവർത്തനകൃതിയും കൂട്ടം തെറ്റിയ കാഴ്‌ചകൾ എന്ന അനുഭവ കുറിപ്പും സിനിമയുടെ ശരീരം എന്ന ചലച്ചിത്ര പഠനവുമാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കൃതികൾ.
'അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ' എന്ന ലേഖനത്തിന് 2020 ലെ മികച്ച രചനക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരം ലഭിച്ചു. മികച്ച കായികഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം 'ആതൻസ് മുതൽ ആതൻസ് വരെ' എന്ന പുസ്‌തകത്തിനും (2008), സംസ്ഥാന ബാലസാഹിത്യഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം 'വിശ്വോത്തര നാടോടിക്കഥകൾ'ക്കും (2016) ലഭിച്ചു. പി. കേശവദേവ് സാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, ദുബായ് ഗാല സാഹിത്യ പുരസ്‌കാരം, എസ്.ബി.ടി കഥാ-ബാലസാഹിത്യ പുരസ്‌കാരങ്ങൾ, ഫൊക്കാന കഥാ പുരസ്കാരം, എൻ.വി. വിജ്ഞാന സാഹിത്യ പുരസ്‌കാരം, രചന-കൈരളി കഥാപുരസ്‌കാരം, ജേസി ഫൌണ്ടേഷൻ കഥാപുരസ്കാരമടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാജമ്മ ജോൺ ആണ് ഭാര്യ. സൂരജ്, സെറിൻ എന്നിവരാണ് മക്കൾ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
ഒതേനന്റെ മകൻ | എം കുഞ്ചാക്കോ | 1970 | |
ഇടിമുഴക്കം | കിട്ടൻ | ശ്രീകുമാരൻ തമ്പി | 1980 |
മൗനം വാചാലം | തമ്പാൻ | 1982 | |
എലിപ്പത്തായം | മത്തായിക്കുട്ടി | അടൂർ ഗോപാലകൃഷ്ണൻ | 1982 |
യാഗം | ശ്രീധരൻ | ശിവൻ | 1982 |
ശേഷക്രിയ | രവി ആലുമ്മൂടൻ | 1982 | |
പ്രേംനസീറിനെ കാണ്മാനില്ല | ഇൻസ്പെക്ടർ ചന്ദ്രദാസ് | ലെനിൻ രാജേന്ദ്രൻ | 1983 |
മുഖാമുഖം | അടൂർ ഗോപാലകൃഷ്ണൻ | 1984 | |
അനന്തരം | അടൂർ ഗോപാലകൃഷ്ണൻ | 1987 | |
ആ പെൺകുട്ടി നീയായിരുന്നെങ്കിൽ | സ്റ്റാൻലി ജോസ് | 1987 | |
പിന്നെയും | അടൂർ ഗോപാലകൃഷ്ണൻ | 2016 | |
ജയിംസ് and ആലീസ് | സുജിത്ത് വാസുദേവ് | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
യാത്രയുടെ അന്ത്യം | കെ ജി ജോർജ്ജ് | 1989 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
വീണപൂവ് | അമ്പിളി | 1983 | ശങ്കർ മോഹൻ |
ചില്ല് | ലെനിൻ രാജേന്ദ്രൻ | 1982 | റോണി വിൻസെന്റ് |
കടത്ത് | പി ജി വിശ്വംഭരൻ | 1981 | ശങ്കർ |