പ്രേംജി
സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട്. 1908 സെപ്റ്റംബർ 23ന് മലപ്പുറം പൊന്നാനിയിലെ വന്നേരിയിൽ മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിൻറെയും പുത്രനായിട്ടാണ് അദ്ദേഹം ജനിച്ചത്. സാമൂഹ്യ പരിഷ്കർത്താവായിരുന്ന എം.ആർ.ബി. എന്ന എം.ആർ ഭട്ടതിരിപ്പാട് സഹോദരനാണ്.
19-ാം വയസ്സിൽ മംഗളോദയത്തിൽ പ്രൂഫ് റീഡറായ പ്രേംജി വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
പിന്നീട് എം.ആർ.ബിയുടെ മറക്കുടക്കുള്ളിലെ മഹാനഗരം, മുത്തിരിങ്ങോട് ഭവത്രാതൻ നമ്പൂതിരിയുടെ അപ്ഫന്റെ മകൾ, ചെറുകാടിന്റെ നമ്മളൊന്ന്, സ്നേഹബന്ധങ്ങൾ, പി.ആർ. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായ പ്രേംജി നമ്പൂതിരിയോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായിരുന്നു. അക്കാലത്ത് നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് കുറിയേടത്തെ വിധവയായ ആര്യാ അന്തർജനത്തെ പ്രേംജി വിവാഹം ചെയ്തു.
നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും കടന്ന അദ്ദേഹം മിന്നാമിനുങ്ങ്, തച്ചോളി ഒതേനൻ, ആനപ്പാച്ചൻ, ലിസ,യാഗം, ഉത്തരായനം, പിറവി, സിന്ദൂരച്ചെപ്പ് തുടങ്ങി 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു. ഷാജി എൻ. കരുൺ സംവിധാനം ചെയ്തതപിറവി യിലെ രാഘവചാക്യാർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988-ൽ മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. മുഖത്തിന്റെ ഒരു പാതിയിൽ വിഷാദവും ഒരു ഭാഗത്ത് സന്തോഷവും വരുത്തുന്ന ഏകലോചനം എന്ന ഭാവവിസ്മയം വഴങ്ങുന്ന അപൂർവും കലാകാരന്മാരിലൊരാളായിരുന്നു പ്രേംജി.
'സപത്നി',' നാൽക്കാലികൾ', 'രക്തസന്ദേശം', 'പ്രേംജി പാടുന്നു' എന്നീ കാവ്യസമാഹാരങ്ങളും 'ഋതുമതി' എന്ന നാടകവും രചിച്ചിട്ടുണ്ട് ഇദ്ദേഹം.1977-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച പ്രേംജിക്ക് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.
1998 ഓഗസ്റ്റ് 10-ന് അദ്ദേഹം നിര്യാതനായി. അന്തരിച്ച പ്രശസ്ത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി എന്നിവരാണ് മക്കൾ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മിന്നാമിനുങ്ങ് | ശങ്കുമ്മാൻ | രാമു കാര്യാട്ട് | 1957 |
മൂടുപടം | ചാത്തുമൂപ്പൻ | രാമു കാര്യാട്ട് | 1963 |
തച്ചോളി ഒതേനൻ | എസ് എസ് രാജൻ | 1964 | |
ശ്യാമളച്ചേച്ചി | ചേപ്രം നമ്പൂതിരി | പി ഭാസ്ക്കരൻ | 1965 |
അമ്മു | ശങ്കുണ്ണി നായർ | എൻ എൻ പിഷാരടി | 1965 |
പകൽകിനാവ് | മാസ്റ്റർ | എസ് എസ് രാജൻ | 1966 |
കുഞ്ഞാലിമരയ്ക്കാർ | എസ് എസ് രാജൻ | 1967 | |
മിണ്ടാപ്പെണ്ണ് | കിട്ടുണ്ണി നായർ | കെ എസ് സേതുമാധവൻ | 1970 |
ഒതേനന്റെ മകൻ | കോമക്കുറുപ്പ് | എം കുഞ്ചാക്കോ | 1970 |
സിന്ദൂരച്ചെപ്പ് | നമ്പൂതിരി | മധു | 1971 |
തീർത്ഥയാത്ര | എ വിൻസന്റ് | 1972 | |
പൊന്നാപുരം കോട്ട | എം കുഞ്ചാക്കോ | 1973 | |
തുമ്പോലാർച്ച | എം കുഞ്ചാക്കോ | 1974 | |
ഉത്തരായനം | ജി അരവിന്ദൻ | 1975 | |
നിറമാല | പി രാമദാസ് | 1975 | |
ചെന്നായ വളർത്തിയ കുട്ടി | വാച്ചർ | എം കുഞ്ചാക്കോ | 1976 |
സമസ്യ | കെ തങ്കപ്പൻ | 1976 | |
തുലാവർഷം | എൻ ശങ്കരൻ നായർ | 1976 | |
നുരയും പതയും | ജെ ഡി തോട്ടാൻ | 1977 | |
കണ്ണപ്പനുണ്ണി | എം കുഞ്ചാക്കോ | 1977 |