പി സുശീല
പിന്നീട് 1950ൽ പെണ്ഡ്യാല നാഗേശ്വരറാവു എന്നെ സംഗീതസംവിധായകന്റെ കീഴിൽ 'ഗജേന്ദ്രമോക്ഷം' ശ്ലോകം തമിഴിലും തെലുങ്കിലും പാടി. 1952ൽ പാടിയ 'പെട്ര തായ് ' എന്ന തമിഴ് ചിത്രമായിരുന്നു പിന്നീട് ശ്രദ്ധിക്കപ്പെട്ടത്. അതിൽ എ എം രാജയുമൊത്ത് പാടിയ യുഗ്മഗാനം സുശീലയ്ക്ക് പുതിയ അവസരങ്ങൾ നേടിക്കൊടുത്തു. 1954ൽ ആണ് കന്നഡ ഭാഷയിൽ ആദ്യമായി പാടിയത്. 1960ൽ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. അതിനുശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നട, സിംഹള തുടങ്ങിയ ഭാഷകളിലായി അനേകം ഗാനങ്ങൾ ആലപിച്ചു.
1960 ൽസീത എന്ന ചിത്രത്തിൽദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ പാടിയ സുശീല പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകമായിത്തീർന്നു.ജി ദേവരാജൻ,എം കെ അർജ്ജുനൻ എന്നീ സംഗീതസംവിധായകരുടെ പാട്ടുകളാണു സുശീല കൂടുതലും ആലപിച്ചത്.എം എസ് വിശ്വനാഥന്റെ സംഗീതത്തിൽ തമിഴ് ചിത്രമായ 'ഉയർന്ത മനിത'നിലെ 'നാളൈ ഇന്ത വേലൈ പാർത്തു' എന്ന ഗാനത്തിനാണു 1969ൽ ആദ്യ ദേശീയ അവാർഡ് ലഭിക്കുന്നത്. പിന്നീട് 1971, 1977, 1983, 1984 വർഷങ്ങളിൽ ദേശീയ അവാർഡും 1971 ഇൽ കേരള സംസ്ഥാന അവാർഡും, 1978, 1979 ൽ തമിഴ്നാട് കലൈമണി അവാർഡും, 1979 ൽ ആന്ധ്രാപ്രദേശിലെ നന്ദി അവാർഡും പി സുശീലക്ക് ലഭിച്ചു.
2016 ജനുവരി 28 നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുശീല 17695 ഗാനങ്ങൾ (സോളോ, ഡ്യുയറ്റ്, കോറസ്) പാടിയിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ ഇന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ ഗാനമാലപിച്ച സുശീലയുടെ ഈ നേട്ടത്തെ അംഗീകരിച്ചിട്ടുണ്ട്.
ഡോ. മോഹൻ റാവു ആണ് ഭർത്താവ്. മകൻ ജയകൃഷ്ണൻ.