ജോയ് തോമസ്

Joy Thomas
Joy Thomas
Date of Birth: 
Friday, 22 December, 1950
ജൂബിലി ജോയ്
കഥ:1

ജോയ് തോമസ് അഥവാ ജൂബിലി ജോയ്. ഒരു വിതരണകമ്പനിയിലെ സാധാണ ജീവനക്കാരനായി തുടങ്ങി, മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായി മാറിയ വ്യക്തി. 1950 ഡിസംബർ 22 ന് പുല്ലാനപ്പള്ളിൽ വീട്ടിൽ പി ടി തോമസിന്റെയും അന്നമ്മ തോമസിന്റെയും മൂത്ത മകനായി കോട്ടയത്ത് ജനനം. പാരമ്പര്യമായി കുടുംബക്കാർ മോട്ടോർ വാഹന ബിസിനസ്സിലായിരുന്നെങ്കിലും സിനിമയോടുള്ള അഭിനിവേശം ജോയിയെ ആ മേഖലയിലേക്ക് എത്തിച്ചു.അടിമകൾ,ജന്മഭൂമി എന്നീ ചിത്രങ്ങൾ അദ്ദേഹം വിതരണം ചെയ്തു. പിന്നീട് 1969 ൽഡിന്നി ഫിലിംസെന്ന വിതരണ കമ്പിനിയിൽ ജോലിക്കാരനായി മാറി. സിനിമയോടുള്ള ജോയിയുടെ അഭിനിവേശം വളരെപ്പെട്ടെന്നു തന്നെ അദ്ദേഹത്തെ സ്ഥനക്കയറ്റങ്ങൾ നേടുന്നതിനു സഹായിച്ചു.  1970 ൽ ഡെന്നിയുടെ തിരുവനന്തപുരം റെസിഡറ്റ് റെപ്പായും, 1971 കോഴിക്കോട് ബ്രാഞ്ച് മാനേജറായും അദ്ദേഹം നിയമിതനായി. ഡെന്നിയിൽ നിരവധി സ്ഥാനങ്ങൾ കൈകാര്യം ചെയ്ത ജോയ്, സിനിമാ വ്യവസായത്തിന്റെ പാഠങ്ങൾ നന്നായി മനസ്സിലാക്കി. 1973 ൽ എറണാകുളം ബ്രാഞ്ച് മാനേജറായ ജോയ്, 1975-76 കാലഘട്ടത്തിൽ, ആലുവയില്‍ പങ്കജ് തിയേറ്റര്‍ ലീസിനെടുത്ത് തിയേറ്റര്‍ രംഗത്തും എത്തി. പിന്നീടാണ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നു വരുന്നത്. 1975 ൽ തന്നെ അദ്ദേഹം തന്റെ വിതരണ കമ്പിനിയാ ജൂബിലി പിക്ചേഴ്സ് തുടങ്ങി. അതിനു അദ്ദേഹത്തെ സഹായിച്ചത് ഡെന്നി ഫിലിംസിന്റെ ഉടമ എം എ കുരുവിളയായിരുന്നു.

1981 ൽ ജോയ്, ഡിന്നി ഫിലിംസ് വിട്ട് തന്റെ ജൂബിലി പിക്ചേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.തനിനിറം,കണ്ണും കരളും തുടങ്ങിയ ചിത്രങ്ങൾ തെക്കൻ കേരളത്തിൽ രണ്ടാം പ്രദർശനത്തിനെത്തിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട്പോക്കറ്റടിക്കാരി എന്ന ചിത്രം തെക്കൻ കേരളത്തിൽ മുഴുവൻ ജൂബിലി വിതരണത്തിനെടുത്തു.പുത്തരിയങ്കം എന്ന ചിത്രമായിരുന്നു ജൂബിലി കേരളം മുഴുവൻ വിതരണം നടത്തിയ ആദ്യ ചിത്രം.മദ്രാസിലെ മോൻ എന്ന ചിത്രം അദ്ദേഹം വിതരണത്തിനെടുത്തുവെങ്കിലും സെൻസർ ബോർഡ് ആ ചിത്രത്തിനു പ്രദർശനാനുമതി നിഷേധിച്ചത്,ജൂബിലെ പിക്ചേഴ്സിനെ കടക്കെണിയിലാക്കി. ആദ്യ വർഷം ശ്രമകരമായിരുന്നുവെങ്കിലും 1982 ൽ അതെല്ലാം മാറി മറിഞ്ഞു. പനിനീർ പുഷ്പങ്ങൾ എന്ന തമിഴ് ചിത്രം മൊഴിമാറ്റി പനിനീർ പൂക്കൾ എന്ന പേരിൽ അദ്ദേഹം വിതരണത്തിനെടുത്തു.ശാന്തികൃഷ്ണ അഭിനയിച്ച ആ ചിത്രം ജോയ് നന്നായി മാർക്കറ്റ് ചെയ്തതോടെ കേരളത്തിൽ അത് വൻ വിജയമായി മാറി. പിന്നീട്കമലഹാസന്റെ ഹിറ്റ് ചിത്രമായ മൂന്നാം പിറയുടെ വിതരണവും ജൂബിലിക്ക് ലഭിച്ചു. ഇത് സാമ്പത്തിക ബാധ്യതകളിൽ നിന്നും കര കയറുവാൻ അദ്ദേഹത്തെ സഹായിച്ചു, അതിനിടയിൽ മദ്രാസിലെ മോൻ എന്ന ചിത്രത്തിനുണ്ടായിരുന്ന വിലക്ക് സെൻസർ ബോർഡ് നീക്കുകയും ചിത്രം തീയേറ്ററുകളിൽ എത്തുകയും ചെയ്തു.

ചൂള എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയിരുന്നുവെങ്കിലും ജോയ് സ്വതന്ത്രമായി നിർമ്മിച്ച ആദ്യ ചിത്രംആ രാത്രി ആയിരുന്നു. ആ ചിത്രത്തിന്റെ കഥയും ജോയിയുടേതായിരുന്നു. ബോംബെയിൽ നടന്ന ഒരു സംഭവത്തിന്റെ പത്രവാർത്തയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണു അദ്ദേഹം അതിന്റെ കഥ എഴുതിയത്. കലൂർ ഡെന്നീസ് തിരക്കഥയെഴുതി മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ആ ചിത്രം സൂപ്പർ ഹിറ്റായി മാറി.  പിന്നീട്പ്രേം നസീറുംമോഹൻലാലും അഭിനയിച്ചആട്ടക്കലാശം നിർമ്മിച്ചു. അതും ഹിറ്റായതോടെ കേരളത്തിലെ പ്രമുഖ നിർമ്മാണ കമ്പിനിയായിജൂബിലി പ്രൊഡക്ഷൻസ് മാറി. പിന്നാലെ ചെയ്തസന്ദർഭം ഹിറ്റാകുക മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാറുകയും ചെയ്തു.  പിന്നീട്എന്റെ ഉപാസന,മകൻ എന്റെ മകൻകഥ ഇതുവരെ,നിറക്കൂട്ട് തുടങ്ങി നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ ജൂബിലി പ്രൊഡക്ഷൻസിന്റേതായി പുറത്തു വന്നു. നിറക്കൂട്ടിനു വേണ്ടി തയ്യാറാക്കിയ മമ്മൂട്ടിയുടെ മൊട്ടയടിച്ച ഗെറ്റപ്പ്, ആ സമയം ചിത്രീകരണം നടന്നു കൊണ്ടിരുന്നയാത്രയിൽബാലു മഹേന്ദ്ര ഉപയോഗിച്ചത് വിവാദമായിരുന്നു. പിന്നീട്മമ്മൂട്ടിയുടെ സഹകരണത്തോടെ നിറക്കൂട്ട്, യാത്രയ്ക്കു മുന്നെ തീയേറ്ററുകളിൽ എത്തിക്കുകയായിരുന്നു. നിറക്കൂട്ട് അദ്ദേഹം തമിഴിലും കന്നഡത്തിലും നിർമ്മിച്ചു. സത്യജോതി എന്ന പേരിലായിരുന്നു കന്നഡത്തിൽ ആ ചിത്രം നിർമ്മിച്ചത്. നായകൻ കൊലപാതകിയാവുന്ന ചിത്രത്തെ പക്ഷേ പ്രേക്ഷകർ പിന്തുണച്ചില്ല.

ജൂബിലിയുടെ എക്കാലത്തെയും മികച്ച വിജയം നേടിയ ചിത്രംന്യൂ ഡെൽഹിയായിരുന്നു.ജോഷി സംവിധാനം ചെയ്ത ആ ചിത്രം മമ്മൂട്ടിയുടെ ശക്തമായ തിരിച്ചു വരവിനും അതോടൊപ്പം കളക്ഷൻ റെക്കോർഡുകൾ തകർക്കപ്പെടുന്നതിനും സാക്ഷ്യം വഹിച്ചു. കേരളത്തിനു പുറത്തും വൻ വിജയമായ ഈ ചിത്രം, ഹിന്ദിയിൽ നിർമ്മിക്കാൻ രജനികാന്ത് ആഗ്രഹിച്ചുവെങ്കിലും ജോയ് അതിനു തുനിഞ്ഞില്ല. മറ്റു ഭാഷകളിലേക്കുള്ള അവകാശം വിൽക്കുകയാണു അദ്ദേഹം ചെയ്തത്. 1988 ൽ ജോയ് തോമസ് നിർമ്മിച്ച്ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തമനു അങ്കിൾ, ബോക്സ് ഓഫീസ് വിജയം നേടുക മാത്രമല്ല, ആ വർഷത്തെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.ശ്യാമ,ന്യായവിധി,പ്രണാമം,ഭൂമിയിലെ രാജാക്കന്മാർമൈഡിയർ മുത്തച്ഛൻ തുടങ്ങി നിരവധി ചിത്രങ്ങൾ ജൂബിലി പ്രൊഡക്ഷൻസിന്റേതായി പുറത്തു വന്നു.പവിത്രൻ സംവിധാനം ചെയ്തഉപ്പ്,ഭരതന്റെഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം,അടൂരിന്റെമതിലുകൾ,കൊച്ചിൻ ഹനീഫയുടെവാത്സല്യം എന്നീ ചിത്രങ്ങളുടെ വിതരണം നടത്തിയതും ജൂബിലി ആയിരുന്നു.

ന്യൂഡല്‍ഹി കഴിഞ്ഞ ഉടനെ മമ്മൂട്ടിയെയും സുമലതയെയും നായികാനായകന്മാരാക്കി വെണ്‍മേഘഹംസങ്ങള്‍ എന്നൊരു പടം തുടങ്ങിയെങ്കിലും ഷൂട്ടിങ്ങ് തുടങ്ങിയ ശേഷം ഉപേക്ഷിച്ചു. അതു പോലെ വംശം എന്നൊരു ചിത്രം ചിത്രീകരണം തുടങ്ങിയ ദിവസം തന്നെ ഉപേക്ഷിച്ചു.പവിത്രമാണ് അദ്ദേഹം നിർമ്മാണത്തിൽ സഹകരിച്ച അവസാന ചിത്രം.മണിച്ചിത്രത്താഴ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സമയത്ത് പുറത്തിറങ്ങിയ ആ ചിത്രം, തീയേറ്ററുകാർ തന്നെ ഉപേക്ഷിച്ചതോടെ പതിയെ നിർമ്മാണ രംഗത്തു നിന്നും അദ്ദേഹം പിന്മാറുകയായിരുന്നു. കഥ ഇതുവരെ എന്ന ചിത്രത്തിൽ ഒരു നേവി ഉദ്യോഗസ്ഥന്റെ വേഷത്തിൽ അദ്ദേഹം അഭിനയിച്ചു. ന്യൂ ഡെൽഹിയിലെ ഒരു രംഗത്തിലും അദ്ദേഹം തല കാട്ടിയിട്ടുണ്ട്.സൂരജ് ടോമിന്റെ നിർബന്ധത്തിനു വഴങ്ങിപാ.വഎന്ന ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷം അദ്ദേഹം അഭിനയിച്ചു.

ജെലിറ്റ ഏജന്‍സി എന്നൊരു പരസ്യക്കമ്പിനിയും ജോയ് തോമസ് നടത്തിയിരുന്നു. തന്റെ നിർമ്മാണത്തിലിറങ്ങുന്ന ചിത്രങ്ങളുടെ മാർക്കറ്റിംഗിനായി തുടങ്ങിയതാണെങ്കിലും പിന്നീട് അത് മറ്റു ചിത്രങ്ങൾക്കും പരസ്യം ചെയ്തു. താമസിയാതെ സിനിമകളുടേതു കൂടാതെ ഇതര ഉല്പന്നങ്ങളുടേയും പരസ്യങ്ങൾ ചെയ്യാൻ തുടങ്ങിയ  ജെലീറ്റ കേരളത്തിലെ ഏറ്റവും മികച്ച പരസ്യ ഏജൻസികളിൽ ഒന്നായിത്തന്നെ പേരെടുത്തു.   തന്റെ സഹോദരങ്ങളായ അബ്രഹാം, ജിമ്മി തോമസ് എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം ജെലീറ്റ തുടങ്ങിയത്. പ്രമുഖ ഔട്ട് ഡോർ യൂണിറ്റായജൂബിലി സിനി യൂണിറ്റും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. എഡിറ്റിംഗ് അടക്കം എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലും സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം, ജൂബിലിയുടെ ഇരുപത്തി അഞ്ചാമത്തെ ചിത്രം സംവിധാനം ചെയ്യുവാനും പ്ലാൻ ചെയ്തിരുന്നു. എന്നാൽ വർദ്ധിച്ചു വന്ന നിർമ്മാണ ചിലവുകൾ  മൂലം ഇരുപതാമത്തെ ചിത്രത്തോടെ ജൂബിലി നിർമ്മാണത്തിൽ നിന്നും പിന്മാറി. കേരളാ ഫിലിം ഡിസ്റ്റ്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജോയ് തോമസ്. സിനിമകളുടെ വ്യാജ കോപ്പികൾക്കെതിരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വിജയം കണ്ടിരുന്നു. സിനിമയിൽ നിന്നും മാറി നിന്നതോടെ അദ്ദേഹം സംഘടന പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നു. നാല്‍പ്പതോളം ചിത്രങ്ങള്‍ വിതരണം ചെയ്തു. ഇരുപത് ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തയാള്‍, സിനിമാസംഘടനകളുടെ ആദ്യകാല സാരഥി, അങ്ങനെ വിശേഷണങ്ങൾ പലതിനും അർഹനായ അദ്ദേഹം ഇന്ത്യൻ സിനിമ നൂറു വർഷം പിന്നിട്ടതിന്റെ ആഘോഷ ചടങ്ങുകളിൽ ആദരിക്കപ്പെട്ടിരുന്നു. ബാംഗ്ലൂരിൽ തന്റെ ബിസിനസുകളുമായി സിനിമയിൽ നിന്നും മാറിയൊരു ജീവിതം നയിക്കയാണു ജോയ് തോമസ് ഇപ്പോൾ.

ഭാര്യ: ലല്ല ജോയ്, മക്കൾ - ജെലീറ്റ, ജെലീന, ജെറീന

അവലംബം:ജോയ് തോമസിന്റെ വെബ്‌സൈറ്റ്മാതൃഭൂമിയിൽ വന്ന അഭിമുഖം 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് ജയമോഹന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുവരുന്നയാൾപി ജി വിശ്വംഭരൻ 1983
കഥ ഇതുവരെജോഷി 1985
ശ്യാമജോഷി 1986

കഥ

ചിത്രം സംവിധാനം വര്‍ഷം
ആ രാത്രിജോഷി 1983

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ചൂളജെ ശശികുമാർ 1979
പനിനീർപ്പൂക്കൾപി വാസു,സന്താനഭാരതി 1981
ആ രാത്രിജോഷി 1983
ആട്ടക്കലാശംജെ ശശികുമാർ 1983
എന്റെ ഉപാസനഭരതൻ 1984
സന്ദർഭംജോഷി 1984
കഥ ഇതുവരെജോഷി 1985
മകൻ എന്റെ മകൻജെ ശശികുമാർ 1985
നിറക്കൂട്ട്ജോഷി 1985
പ്രണാമംഭരതൻ 1986
ശ്യാമജോഷി 1986
ന്യായവിധിജോഷി 1986
ഭൂമിയിലെ രാജാക്കന്മാർതമ്പി കണ്ണന്താനം 1987
ന്യൂ ഡൽഹിജോഷി 1987
മനു അങ്കിൾഡെന്നിസ് ജോസഫ് 1988
മൈ ഡിയർ മുത്തച്ഛൻസത്യൻ അന്തിക്കാട് 1992
എവിടെകെ കെ രാജീവ് 2019