വിഷുക്കണി

Released
Vishukani
Vishukkani

കഥാസന്ദർഭം: 

സ്വാർത്ഥതയും ധനമോഹവും കുടുംബന്ധങ്ങളെ എങ്ങനെ ശിഥിലമാക്കുന്നുവെന്നത് ഒരു ജന്മികുടുംബത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം. 

 

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 14 April, 1977

Main Crew

അസോസിയേറ്റ് ഡയറക്ടർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

കെ എസ് ഗോപാലകൃഷ്ണൻ 1963 ൽ സംവിധാനം ചെയ്ത ചിത്രമായ കർപ്പഗത്തിന്റെ മലയാളം പതിപ്പ്.  1965 ൽ ഹിന്ദിയിൽ Rishte Naate എന്ന പേരിൽ കർപ്പഗം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആ ചിത്രം സംവിധാനം ചെയ്തതും കെ എസ് ഗോപാലകൃഷ്ണനായിരുന്നു. 

കഥാസംഗ്രഹം: 

നാട്ടിലെ ജന്മിയായ രാജേന്ദ്രപണിക്കർക്ക് (തിക്കുറിശ്ശി) രണ്ട് മക്കളാണ്. മകൻ രാധാകൃഷ്ണൻ (സോമൻ) പട്ടണത്തിലെ കോളേജിൽ പഠിക്കുന്നു. മകൾ രാധിക (വിധുബാല) വിട്ടുകാര്യങ്ങൾ നിർവ്വഹിച്ചും,  പറമ്പിലെ പണികളുടെ മേൽനോട്ടം നടത്തുന്നതിലും മറ്റും അച്ഛന്റെ സഹായിയായി വർത്തിച്ചും വരുന്നു.

ഉറ്റവരാരും ഇല്ലാത്തവനെങ്കിലും, കഠിനാധ്വാനിയും സ്ഥിരോൽസാഹിയും സൽസ്വഭാവിയും നാട്ടിലേവർക്കും അഭിമതനുമായ ഗോപി (പ്രേംനസീർ) എന്ന ചെറുപ്പക്കാരനോട് പണിക്കർക്ക് പിതൃതുല്യമായ വാത്സല്യമുണ്ട്. ഗോപി തിരിച്ച് പണിക്കരെ അങ്ങേയറ്റം ബഹുമാനത്തോടെ തന്നെയാണ് കാണുന്നതും. 
  
പട്ടണത്തിലെ ഒരു തിയേറ്ററുടമയും ധനമോഹിയുമായ പ്രഭാകരപിള്ള (ശങ്കരാടി) യുടെ മകൾ ജയ (ശ്രീലത)യുമായി രാധാകൃഷ്ണൻ പ്രണയത്തിലാണ്. ഈ ബന്ധം അറിയാനിടയായ പ്രഭാകരപിള്ള രാധാകൃഷ്ണനോട് എത്രയും വേഗം ജയയെ വിവാഹം കഴിക്കാൻ നിർബന്ധപൂർവ്വം ആവശ്യപ്പെടുന്നു. എന്നാൽ, മുൻകോപിയായ തന്റെ  അച്ഛനോട് ഇക്കാര്യം പറഞ്ഞ്  സമ്മതിപ്പിച്ചെടുക്കാൻ സ്വൽപം സമയം ആവശ്യമാണെന്നു പറയുന്ന രാധാകൃഷ്ണൻ, പിള്ളയും ജയയും തന്നോടൊപ്പം തന്റെ ഗ്രാമത്തിൽ വന്നാൽ അവിടെയുള്ളൊരു മുസാവരി ബംഗ്ലാവിൽ തൽക്കാലം അവർക്ക് താമസിക്കാമെന്നും അതിനിടയിൽ താൻ അച്ഛനോട് വിവരങ്ങൾ പറഞ്ഞ് കല്ല്യാണത്തിന് സമ്മതിപ്പിക്കാമെന്നുമുള്ള ഉപായം മുന്നോട്ടുവയ്ക്കുന്നു. അതനുസരിച്ച് മകളോടൊപ്പം ആ ഗ്രാമത്തിലെത്തുന്ന പിള്ള, താൻ പ്രതീക്ഷിച്ചതിലുമധികം ഭൂസ്വത്ത് സ്വന്തമായുള്ള കുടുംബമാണ് രാധാകൃഷ്ണന്റേത് എന്ന് മനസ്സിലാക്കുകയും തന്റെ മകളെ ഏതു വിധേനയും രാധാകൃഷ്ണന്റെ ഭാര്യയാക്കണമെന്ന് മനസ്സിലുറപ്പിക്കുകയും ചെയ്യുന്നു. 
     
രാധികയുടെ പിറന്നാളിന് രാജേന്ദ്രപണിക്കരുടെ ക്ഷണം സ്വീകരിച്ച് വീട്ടിലെത്തുന്ന ഗോപിയെയും കൂട്ടരെയും രാധാകൃഷ്ണൻ അധിക്ഷേപിക്കുന്നു. ഇതിൽ ക്ഷുഭിതനാവുന്ന പണിക്കർ മകനെ ശാസിക്കുന്നു. 
     
രാധാകൃഷ്ണനും ജയയും തമ്മിലുള്ള ബന്ധം അറിയാനിടയാവുന്ന പണിക്കർ അതിനെ ഏതിർക്കുകയും അതിന്റെ പേരിൽ അയാളും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്യുന്നു. സംസാരത്തിനിടെ 'അച്ഛന് പട്ടണത്തിൽ നിന്നുള്ള നിലയും വിലയുമുള്ളവരെ ഇഷ്ടപ്പെടില്ലെന്നും, ഇവിടെയുള്ള ഗോപിയെ പോലുള്ള തെണ്ടികളെയാണ് താൽപര്യമെന്നും, അത്രയ്ക്ക് യോഗ്യനാണെങ്കിൽ മകളെ അവന് കല്ല്യാണം കഴിച്ചു കൊടുത്തേക്കണം' എന്നും രാധാകൃഷ്ണൻ തർക്കസ്വരത്തിൽ പറയുന്നു.  തർക്കിച്ചു ജയിക്കാൻ വേണ്ടി മാത്രമായിട്ട് മകൻ തന്നോട് പറഞ്ഞ കാര്യമാണെങ്കിലും, ഗോപി തന്റെ മകൾക്ക് അനുയോജ്യനായ ഭർത്താവായിരിക്കും എന്ന് മനസ്സിലാക്കുന്ന പണിക്കർ അവളെ അയാളെക്കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കാൻ നിശ്ചയിക്കുകയും ഗോപിയെ അതിന് സമ്മതിപ്പിക്കുകയും ചെയ്യുന്നു. 
     
 തന്നോടുള്ള വാശിയിലാണ് പണിക്കർ രാധികയെ ഗോപിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നതെന്ന് കരുതുന്ന രാധാകൃഷ്ണൻ വീണ്ടും അച്ഛനുമായി വാക്കുതർക്കത്തിലേർപ്പെടുന്നു. തൽസമയം മകളുമൊത്ത് അവിടെയെത്തുന്ന പ്രഭാകരപിള്ള,  രാധാകൃഷ്ണന്റെ കുഞ്ഞിനെ ജയ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അറിയിക്കുകയും അതിനാൽ അതിനാൽ അവരുടെ വിവാഹം എത്രയും വേഗം നടത്തിയേ തീരൂ എന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നു.  ഗത്യന്തരമില്ലാതെ പണിക്കർ അതിന് സമ്മതം മൂളുന്നു, തുടർന്ന് രണ്ടു വിവാഹങ്ങളും ഒരേ പന്തലിൽ ഒരേ മുഹൂർത്തത്തിൽ നടക്കുന്നു. താൻ ഗർഭിണിയാണെന്ന് പറഞ്ഞത് കള്ളമായിരുന്നെന്നും കല്ല്യാണം ഉടനടി നടത്താനുള്ള അച്ഛന്റെ ഉപായമായിരുന്നെന്നും വിവാഹരാത്രിയിൽ ജയ രാധാകൃഷ്ണനെ അറിയിക്കുന്നു. 

തന്റെ സ്വത്തുക്കൾ തുടർന്നങ്ങോട്ട് നോക്കി നടത്തുന്നതിനുള്ള ചുമതലയും തന്റെ കൈവശമുള്ള താക്കോൽക്കൂട്ടവും പണിക്കർ നിർബന്ധപൂർവ്വം ഗോപിയെ ഏൽപ്പിക്കുന്നു. രാധാകൃഷ്ണനെ തഴഞ്ഞ് ഗോപിയെ ചുമതലയേൽപ്പിച്ചതിൽ പരസ്യമായി ഏതിർപ്പ് പ്രകടിപ്പിക്കുന്ന ഭാസ്കരപിള്ളയോട്, തന്റെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനാണ് താനിത് ചെയ്യുന്നതെന്ന് പണിക്കർ മറുപടി പറയുന്നു. സ്വത്തുക്കളുടെയെല്ലാം ഉടമ രാധാകൃഷ്ണൻ തന്നെയാണെന്നും, താൻ ഒരു കാര്യസ്ഥന്റെ സ്ഥാനത്തു നിന്ന് എല്ലാം നോക്കി നടത്തന്നതായി കരുതിയാൽ മതിയെന്നും പറഞ്ഞ് ഗോപി രാധാകൃഷ്ണനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാൾ ഗോപിയെ അധിക്ഷേപിക്കുക തന്നെ ചെയ്യുന്നു.  
    
ധൂർത്തനായ ഗോപി പലരിൽ നിന്നും കടം വാങ്ങിയും മറ്റും പണം ചെലവഴിക്കുന്നതു മൂലം അയാൾക്ക് വൻ കടബാധ്യത വന്നുചേരുന്നു. കൂടാതെ പല ആവശ്യങ്ങൾ പറഞ്ഞ് പിള്ളയും പലപ്പോഴും ഗോപിയിൽ നിന്നും രാധികയിൽ നിന്നും പണം വാങ്ങുകയും, പണിക്കരുടെ സ്വത്ത് കട്ടുമുടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നോക്കി നടത്താൻ തന്നെ ഏൽപ്പിച്ച കുടുംബസ്വത്തിൽ നിന്ന് പണമെടുത്ത് രാധാകൃഷ്ണന്റെ ബാധ്യതകൾ വീട്ടാൻ മനസ്സുവരാത്ത ഗോപി, താൻ വർഷങ്ങളാളം കഠിനാധ്വാനം ചെയ്ത് സ്വന്തമാക്കിയിരുന്ന നിലം വിറ്റ്, പണിക്കരെ അറിയിക്കാതെ ആ കടങ്ങൾ വീട്ടാൻ തയ്യാറാവുന്നു. 
  
ഇതിനിടെ ജയ ഒരു പെൺകുഞ്ഞിനെ പ്രസവിക്കുന്നു. കുഞ്ഞിന്റെ കാര്യങ്ങളിൽ രാധാകൃഷ്ണനും ജയയും വേണ്ടത്ര ചെലുത്തുന്നില്ല. പക്ഷേ മക്കളില്ലാത്ത ഗോപിയും രാധികയും അവളെ സ്വന്തം കുഞ്ഞിനെപ്പോലെ ലാളിച്ചും പരിചരിച്ചും വളർത്തുന്നു. അങ്ങനെ അവരുടെ മകളെന്നവണ്ണം അമ്പിളി എന്ന ആ കുഞ്ഞ്  (മാസ്റ്റർ കുമാർ) ആ വീട്ടിൽ വളരുന്നു.  യഥാർത്ഥ മാതാപിതാക്കളേക്കാൾ അടുപ്പം കുഞ്ഞ് ഗോപിയോടും രാധികയോടും കാട്ടുന്നതിൽ ഭാസ്കരപിള്ളയ്ക്ക് അമർഷമുണ്ട്. 
      
ഇതിനിടെ, സ്വത്തുക്കൾ  കൈവശപ്പെടുത്തുന്നതിനായി പിള്ളയുടെ ഉപദേശപ്രകാരം രാധാകൃഷ്ണൻ സ്വന്തം അച്ഛനെതിരേ കേസു കൊടുക്കുന്നു. അതിൽ ക്ഷുഭിതനാവുന്ന പണിക്കർ രാധാകൃഷ്ണനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോവാൻ ആജ്ഞാപിക്കുന്നു. അഭിമാനക്ഷതമേറ്റ അയാൾ ഭാര്യയ്ക്കും ഭാര്യാപിതാവിനുമൊപ്പം മറ്റൊരു വീട്ടിലേക്ക് മാറുന്നു. കുഞ്ഞിനെ നിർബന്ധപൂർവം രാധികയിൽ നിന്ന് പിടിച്ചുവാങ്ങി അവർ ഒപ്പം കൊണ്ടുപോകുന്നു. അമ്പിളിയെ പിരിയുന്നത് ഗോപിക്കും രാധികയ്ക്കും, അവരെ പിരിഞ്ഞു നിൽക്കുന്നത് കുഞ്ഞിനും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കൽ, മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് വീട്ടിൽ നിന്നിറങ്ങി ഗോപിയുടെയും രാധികയുടെയും പക്കലെത്തുന്ന അമ്പിളിയെ അന്വേഷിച്ച് അവിടെയെത്തിച്ചേരുന്ന ജയ, കുഞ്ഞിനെ ബലമായി പിടിച്ചുവലിച്ച് കൊണ്ടുപോകുന്നു, രാധിക കണ്ണീരോടെ അവരെ പിന്തുടരുന്നു. ഇതിനിടെ, പറമ്പിൽ കെട്ടിയിരുന്ന ആക്രമണകാരിയായ ഒരു കാളക്കൂറ്റൻ കയറുപൊട്ടിച്ച് വിറളിപൂണ്ട് കുഞ്ഞിനു നേർക്ക് പാഞ്ഞടുക്കുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്ന രാധിക കാളയുടെ കുത്തേറ്റ് മരിക്കുന്നു. 

രാധികയുടെ മരണം ഗോപിയെ മാനസികമായി തളർത്തുന്നു.  അയാളുടെ ഏക ആശ്വാസമെന്നത്, തൽക്കാലത്തേക്കെങ്കിലും ആ വീട്ടിൽ തന്നോടൊപ്പമുള്ള അമ്പിളിയാണ്. അവളെ പരിചരിച്ചും താലോലിച്ചും അയാൾ ജീവിതം മുന്നോട്ടുനീക്കുന്നെങ്കിലും, രാധികയുടെ അഭാവം കുഞ്ഞിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്ന പണിക്കർ ഗോപിയെ വീണ്ടുമൊരു വിവാഹത്തിന് നിർബന്ധിക്കുന്നു. ആദ്യമൊന്നും അതിന് വഴങ്ങാതിരുന്ന ഗോപി, ഒടുവിൽ പണിക്കരുടെ നിരന്തരമായ നിർബന്ധഫലമായി മനസ്സില്ലാമനസ്സോടെ വിവാഹത്തിന് സമ്മതിക്കുന്നു. അതിൻപ്രകാരം, പണിക്കരുടെ ആത്മസുഹൃത്തും കലക്ടറുദ്യോഗത്തിൽ നിന്ന് വിരമിച്ചയാളുമായ ജനാർദ്ദനൻ നായരുടെ(വീരൻ) മകളും, രാധികയുടെ കൂട്ടുകാരിയായിരുന്നവളുമായ രജനി (ശാരദ)യും ഗോപിയും തമ്മിലുള്ള വിവാഹം നടക്കുന്നു. 
    
  രജനിക്കൊപ്പം ഒരു മുറിയിൽ കഴിയാൻ തയ്യാറാവാത്ത ഗോപി, എല്ലാദിവസവും പാടത്തിനടുത്തെ കളത്തിൽ പോയി അന്തിയുറങ്ങുകയും, ആ വിവരം പണിക്കർ ഒരു കാരണവശാലും അറിയരുതെന്ന് രജനിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.  രജനി അമ്പിളിയോട് അടുപ്പം കൂടാൻ ശ്രമിക്കുന്നു. ആദ്യം അകൽച്ച കാണിക്കുന്ന കുഞ്ഞ് പിന്നീട് പതിയെപ്പതിയെ അവളോട് അടുക്കുകയും, രാധികയോടെന്നവണ്ണം രജനിയോട് പെരുമാറാനും തുടങ്ങുന്നു. എന്നാൽ ഗോപി അപ്പോഴും രജനിയോട് അകൽച്ച സൂക്ഷിക്കുന്നു.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?: 

പണിക്കരുടെ വീട്ടിൽ കഴിയുന്ന അമ്പിളിയെ ആരുമറിയാതെ പിള്ള എടുത്തുകൊണ്ടുപോയി രാധാകൃഷ്ണന്റെയും ജയയുടെയും പക്കൽ എത്തിക്കുന്നു. കുഞ്ഞിനെ കാണാതായതിന്റെ പേരിൽ ഗോപി രജനിയോട് കയർക്കുന്നു. രാധാകൃഷ്ണന്റെ വീട്ടിലെത്തുന്ന രജനി, പിള്ളയുടെയും ജയയുടെയും എതിർപ്പ് വകവയ്ക്കാതെ അമ്പിളിയെ തിരികെ കൊണ്ടുപോരുന്നു, ശേഷം രാധാകൃഷ്ണനും ജയയും പിള്ളയും പോലീസിനൊപ്പം പണിക്കരുടെ വീട്ടിലെത്തി കുഞ്ഞിനെ വീണ്ടെടുക്കുന്നു. 
      
ഗോപിയെ വകവരുത്താൻ തീരുമാനിക്കുന്ന പിള്ള അതിനായി ഗുണ്ടകളെ ഏർപ്പാട് ചെയ്യുകയും രാത്രി കളത്തിൽ വച്ച് ആ കൃത്യം നിർവഹിക്കാൻ അവരെ ശട്ടംകെട്ടുകയും ചെയ്യുന്നു. ഈ വിവരം അറിയാൻ ഇടയാകുന്ന രജനി അന്ന് രാത്രി കളത്തിലേക്ക് പോകുന്നതിൽ നിന്ന് ഗോപിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും അയാൾ വഴങ്ങുന്നില്ല. അതേ രാത്രിയിൽ മാതാപിതാക്കൾ ഉറക്കത്തിലായ തക്കത്തിന്, അമ്പിളി അവരറിയാതെ എഴുന്നേറ്റ് വീട്ടിൽ നിന്നിറങ്ങുന്നു. കളപ്പുരയ്ക്ക് സമീപം വച്ച് പിള്ളയുടെ ഗുണ്ടകൾ ഗോപിയെ ആക്രമിക്കുന്നു. അയാൾ അവരെ നേരിടുന്നതിനിടയിൽ, അവിടെയെത്തുന്ന അമ്പിളി ആ രംഗം കണ്ട് ഭയന്ന് കളപ്പുരയിൽ കയറി ഒളിക്കുകയും ഇതിനിടെ അക്രമികൾ കളപ്പുരയ്ക്ക് തീ കൊളുത്തുകയും ചെയ്യുന്നു. എന്നാൽ തക്കസമയത്ത് അവിടെയെത്തുന്ന രാജി തീനാളങ്ങളിൽ നിന്ന് കുഞ്ഞിനെ രക്ഷപെടുത്തുന്നു.  പിള്ള ഗോപിക്കു നേരെ പ്രയോഗിക്കുന്ന കഠാര സ്വന്തം ദേഹത്ത് ഏറ്റുവാങ്ങി രജനി അയാളെയും സുരക്ഷിതനാക്കുന്നു.  തൽസമയം പോലീസെത്തി പിള്ളയെയും സംഘത്തെയും പിടികൂടുന്നു. 
      
മനംമാറ്റം വന്ന രാധാകൃഷ്ണന്റെയും ജയയുടെയും,  രജനിയുടെ സ്നേഹം തിരിച്ചറിഞ്ഞ ഗോപിയുടെയും സാന്നിധ്യത്തിൽ, അമ്പിളിയുടെ 'അമ്മേ' എന്ന വിളി കേട്ട് ആശുപത്രിക്കിടക്കയിലെ മയക്കത്തിൽ നിന്ന് ജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന രജനിയുടെ ദൃശ്യത്തിൽ കഥയ്ക്ക് ശുഭപര്യവസാനമാവുന്നു. 

 

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 

നൃത്തം

നൃത്തസംവിധാനം: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
നിർമ്മാണ നിർവ്വഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പൂവിളി പൂവിളി പൊന്നോണമായി

വലചി
ശ്രീകുമാരൻ തമ്പിസലിൽ ചൗധരികെ ജെ യേശുദാസ്
2

മലർക്കൊടി പോലെ (F)

ശ്രീകുമാരൻ തമ്പിസലിൽ ചൗധരിഎസ് ജാനകി
3

രാപ്പാടി പാടുന്ന

ശ്രീകുമാരൻ തമ്പിസലിൽ ചൗധരിപി സുശീല
4

കണ്ണിൽ പൂവ്

ശ്രീകുമാരൻ തമ്പിസലിൽ ചൗധരിവാണി ജയറാം
5

പൊന്നുഷസ്സിന്നുപവനങ്ങൾ പൂവിടും

ശ്രീകുമാരൻ തമ്പിസലിൽ ചൗധരിപി ജയചന്ദ്രൻ
6

ഏഹേയ് മുന്നോട്ടു മുന്നോട്ട് കാളേ

ശ്രീകുമാരൻ തമ്പിസലിൽ ചൗധരികെ ജെ യേശുദാസ്
7

മലര്‍ക്കൊടി പോലെ - (M)

ശ്രീകുമാരൻ തമ്പിസലിൽ ചൗധരികെ ജെ യേശുദാസ്