ദേവകിയമ്മ

Devakiyamma
കെ ജി ദേവകിയമ്മ
Date of Death: 
Friday, 28 December, 2018
കെ ജി ദേവകിയമ്മ
K G Devaki Amma

പ്രശസ്ത നാടക-സിനിമ അഭിനേത്രി. അറിയപ്പെടുന്ന റേഡിയോ ആർട്ടിസ്റ്റ്. ഭാഗവതരായിരുന്ന അച്ഛനിൽ നിന്നും പകർന്നു കിട്ടിയ സംഗീതം, നന്നേ ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിക്കുകയും എട്ടു വയസ്സുള്ളപ്പോൾ തന്നെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കയും ചെയ്തു. ആ കാലഘട്ടത്തിൽ തന്നെ അച്ഛന്റെ അനുജന്റെ നാടക കമ്പനിയിൽ നാടകങ്ങൾക്ക് മുന്നെയുള്ള ബാലെ പാട്ടിലൂടെ തുടക്കം കുറിച്ചു. പിന്നീട് വിവിധ നാടകങ്ങളിൽ പാടി അഭിനയിച്ചു തുടങ്ങി.കുമാരനാശാന്റെ അഹല്യാമോക്ഷം, ഉഷാ അനിരുദ്ധൻ തുടങ്ങിയ നാടകങ്ങളിൽ ഈ കാലത്ത് അഭിനയിച്ചു. ചെറു നാടക കമ്പിനികളിൽ അഭിനയിച്ചിരുന്ന കാലത്ത്കലാനിലയം കൃഷ്ണൻ നായർ അവരെ അദ്ദേഹത്തിന്റെ കമ്പനിയിലേക്ക് ക്ഷണിച്ചു. ലാവണ്യലഹരിയായിരുന്നു ആദ്യ നാടകം, ഒരു വർഷം ആ നാടകത്തിൽ അഭിനയിച്ചു. അതിനു ശേഷം അദ്ദേഹം ദേവകിയമ്മയെ വിവാഹം കഴിച്ചു. കല്യാണ ശേഷം നാടക രംഗത്ത് തുടർന്ന് മലയാളം, തമിഴ് നാടകങ്ങളിൽ അഭിനയിച്ചു. പവിഴക്കൊടി എന്ന തമിഴ് നാടകം വളരെയധികം ശ്രദ്ധ നേടി. സീതാ കല്യാണം എന്നൊരു കഥാപ്രസംഗവും അവർ അവതരിപ്പിച്ചു.

കുട്ടികൾ ഉണ്ടായതിനു ശേഷം വീട്ടമ്മയായി ഒതുങ്ങിക്കഴിയുന്നതിനിടെ അവരെ തേടി തിരുവിതാംകൂർ റേഡിയോ നിലയത്തിൽ നിന്നും ഒരവസരം എത്തി.തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എഴുതിയ പട്ടണപ്പകിട്ട് എന്നൊരു നാടകത്തിനു വേണ്ടിയാണു ദേവകിയമ്മയെ വിളിച്ചത്. ഭർത്താവ് കലാനിലയം കൃഷ്ണൻ നായരായിരുന്നു അവരെ അതിനായി പ്രോത്സാഹിപ്പിച്ചത്. ആ നാടകം ശ്രദ്ധിക്കപ്പെട്ടതോടെ 1950 വരെ അവിടെ സ്ഥിരം ആർട്ടിസ്റ്റായി മാറി. അതിനു ശേഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഓൾ ഇന്ത്യ റേഡിയോയിൽ എത്തി. നാടകത്തിനായാണു ഓൾ ഇന്ത്യ റേഡിയോയിൽ എത്തിയതെങ്കിലും പിന്നീട് കൊയ്ത്തു പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകൾ, ലളിതഗാനങ്ങൾ, ശാസ്ത്രീയ സംഗീതം, നാടൻ പാട്ടുകൾ തുടങ്ങി നിരവധി പരിപാടികൾ ദേവകിയമ്മ അവതരിപ്പിച്ചു തുടങ്ങി. കുട്ടികൾക്കായുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ പുറത്ത് നിന്നെത്തുന്ന കുട്ടികളെ പരിശീലിപ്പിക്കേണ്ട ചുമതലയും അവർക്കായിരുന്നു.എൻ കെ ആചാരി,കെ ജി സേതുനാഥ് എന്നിവരായിരുന്നു ആ കാലഘട്ടത്തിലെ മിക്ക നാടകങ്ങളും ആകാശവാണിയിൽ എഴുതിയിരുന്നത്. വൈവിധ്യമാർന്ന പല കഥാപാത്രങ്ങളെയും റേഡിയോ നാടകങ്ങളിൽ ദേവകിയമ്മ അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടു കാലം ഓൾ ഇന്ത്യ റേഡിയോയിൽ അവർ ജോലി നോക്കി. എ ഗ്രേഡ് ആർട്ടിസ്റ്റായി 1980 ലാണ് അവർ വിരമിച്ചത്. 

ആകാശവാണിയിൽ വച്ച്പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയിൽ എത്തിച്ചത്.ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിൽ ദേവകിയമ്മയെ മനസ്സിൽ കണ്ടു കൊണ്ടാണു പത്മരാജൻ ഒരു അമ്മ വേഷം എഴുതിയത്. സിനിമയിൽ അഭിനയിക്കാൻ ദേവകിയമ്മ വിസമ്മതിച്ചപ്പോൾ കലാനിലയം കൃഷ്ണൻ നായരെ കൊണ്ട് നിർബന്ധിപ്പിചാണ് പത്മരാജൻ അവരെ അഭിനയിപ്പിച്ചത്. പിന്നീട്കിലുക്കം,കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ,വക്കാലത്തു നാരായണൻ കുട്ടി,ശയനം,സൂത്രധാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. താലി, ജ്വാലയായ്, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം തുടങ്ങി ഇരുപതോളം സീരിയലുകളിൽ അഭിനയിച്ചു. 

മക്കൾ: കലാവതി, ഗീത, മായ, ജീവൻ കുമാർ, ദുർഗ്ഗാ ദേവി 

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരിടത്തൊരു ഫയൽവാൻ കാർത്തിയേടത്തി (ചക്കരയുടെ അമ്മ)പി പത്മരാജൻ 1981
കടല്‍ത്തീരത്ത്രാജീവ് നാഥ് 1988
കിലുക്കംപ്രിയദർശൻ 1991
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ വയറ്റാട്ടിരാജസേനൻ 1998
ശയനംഎം പി സുകുമാരൻ നായർ 2000
സൂത്രധാരൻ ദാദിമാഎ കെ ലോഹിതദാസ് 2001
വക്കാലത്തു നാരായണൻ കുട്ടിടി കെ രാജീവ് കുമാർ 2001
പട്ടണത്തിൽ സുന്ദരൻവിപിൻ മോഹൻ 2003
കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്ശരത് ജി മോഹൻ 2020